• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കെടി ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ', ഇടപാടുകളില്‍ കൂട്ടുകക്ഷിയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. അതിനാലാണ് മറ്റ് മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളില്‍ ജലീല്‍ കൂട്ടുകക്ഷിയായതിനാലാണ് ഈ പ്രിവിലേജ് ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന് പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന കെ.ടി. ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്‍കുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാല്‍ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. പിണറായി വിജയന്‍ എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

പാതിരാത്രിയില്‍ തലയില്‍ മുണ്ടുമിട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നിലെത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമായപ്പോഴും മുഖ്യമന്ത്രി ജലീലിന് പിന്തുണയുമായെത്തി. ഖുര്‍ ആന്‍ വിതരണത്തില്‍ ഒരു അപാകതയുമില്ലെന്ന് മുഖ്യമന്ത്രി ആദ്യമേ പറഞ്ഞുവച്ചു. ഇഡി ചോദ്യം ചെയ്തതിന്റെ പേരിലും ജലീല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.പി. ജയരാജന്റെയോ ശശീന്ദ്രന്റെയോ തോമസ് ചാണ്ടിയുടെയോ കാര്യത്തില്‍ ഇല്ലാത്ത ആവേശമായിരുന്നു ജലീലിന്റെ കാര്യത്തില്‍ പിണറായിക്ക്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എന്താണ് വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ഇത്രമാത്രം ഇടപാടുകള്‍ എന്ന് മുഖ്യമന്ത്രി ഒരിക്കലും ചോദിച്ചിട്ടില്ല. സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ ചട്ടവിരുദ്ധമായി പങ്കെടുക്കുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്തപ്പോഴും ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മലയാളം സര്‍വകലാശാല ഭൂമി വിവാദത്തില്‍ മുഖ്യമന്ത്രി തന്നെയാണ് കെ.ടി. ജലീലിനെ സംരക്ഷിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ ക്രൈസ്തവ സഭകളുടെ ആശങ്കകളെ പുച്ഛിച്ചു തള്ളിയ ജലീല്‍ അവരെ അപമാനിച്ചപ്പോഴും മുഖ്യമന്ത്രി ജലീലിനൊപ്പം നിന്നെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഏറ്റവുമൊടുവില്‍ വെഞ്ഞാറമ്മൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പാര്‍ട്ടിയാകെ വിലപിക്കുമ്പോള്‍ കെ.ടി. ജലീലിനൊപ്പം പായസം വിളമ്പി ഓണം ആഘോഷിക്കുന്ന മുഖ്യമന്ത്രിയെയും കേരളം കണ്ടു. ഇതിനര്‍ഥം മറ്റാര്‍ക്കുമില്ലാത്ത എന്തോ പ്രത്യേകത മുഖ്യമന്ത്രിയുടെ മനസില്‍ ജലീലിനോട് ഉണ്ട് എന്നാണ്. മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാകണം ജലീല്‍. ഒരു കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്നതിനാല്‍ അധോലോക ഇടപാടുകളില്‍ ജലീലിന് നല്ല പ്രാവീണ്യമുണ്ടാകണം. കേരളത്തിലെ ലോകായുക്തയ്ക്ക് കുരയ്ക്കാന്‍ മാത്രമല്ല കടിക്കാനും അധികാരം നല്‍കിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണ് പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ ലോകായുക്തയുടെ കടിയേറ്റ ജലിലീനെ പടിക്ക് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതെന്തെന്നും മുരളീധരന്‍ ചോദിച്ചു.

cmsvideo
  മുഖ്യമന്ത്രിക്കും ജലീലിനും രഹസ്യബന്ധങ്ങളോ? | V Muraleedharan Press Meet | Oneindia Malayalam

  ജലീലിനെ ന്യായീകരിക്കുന്ന മന്ത്രി എ.കെ. ബാലന്റെ നിലപാടും അങ്ങേയറ്റം പരിഹാസ്യമാണ്. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസാണിതെന്ന ബാലന്റെ വാദം നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. ഹൈക്കോടതിയും ഗവര്‍ണറും പരിഗണിക്കുന്നതുപോലെയല്ല ലോകായുക്ത കേസ് പരിഗണിക്കുന്നത്. ലോകായുക്തയ്ക്ക് കീഴിലുള്ള ഐജിയെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകള്‍ ശേഖരിച്ചാണ് കേസ് പരിഗണിക്കുന്നത്. അതിനാല്‍ ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. സ്വജനപക്ഷപാതവും അഴിമതിയെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്. ഈ പ്രഖ്യാപിത നിലപാട് തള്ളിയാണ് പിണറായി വിജയന്‍ ജലീലിനെ സംരക്ഷിക്കുന്നത്. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ലോകായുക്തയെ അംഗീകരിക്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

  English summary
  KT Jaleel may be the one who keeps Pinarayi Vijayan's secrets, Says V Muraleedharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X