ജയരാജനും ജലീലും... പുതിയ ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇട്ട് സിപിഎം; നിര്‍ണായക നീക്കത്തിന് പിന്നില്‍ എന്ത്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആയിരുന്നു മുമ്പ് ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് അറിയപ്പെട്ടിരുന്ന ജയരാജന്റെ രാജി ശരിക്കും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.
അതേസമയം, ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത വിധി വന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചകള്‍. ഇപി ജയരാജനേക്കാള്‍ ശക്തനാണോ കെടി ജലീല്‍ എന്ന് വരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്തായാലും ആ വിവാദത്തിന് ഇപ്പോള്‍ അവസാനമായിരിക്കുകയാണ്. വിശദാംശങ്ങള്‍...

താരതമ്യം തുടങ്ങി
2016 ഒക്ടോബര്‍ 14 ന് ആയിരുന്നു ഇപി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. മന്ത്രിസഭ രൂപീകരിച്ച് ആറ് മാസം പൂര്‍ത്തിയാകും മുമ്പായിരുന്നു ഇത്. ഇതിന് ശേഷം 2018 ല്‍ ആയിരുന്നു കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയരുന്നത്. ജലീലിനും ഇപി ജയരാജനും സിപിഎമ്മില്‍ ഇരട്ട നീതിയാണോ എന്ന ചര്‍ച്ച സിപിഎമ്മിന് പുറത്തായിരുന്നു ആദ്യം തുടങ്ങിയത്.

ജയരാജന്‍ തിരിച്ചെത്തി
ഇപി ജയരാജന്‍ പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തി. ബന്ധു നിയമന വിവാദത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് ശേഷം ആയിരുന്നു ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു.

ജലീലിന്റെ കാര്യത്തില്‍
കെടി ജലീലിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് ത്വരിത നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്നത് വാസ്തവം ആണ്. പാര്‍ട്ടി അംഗമല്ലെങ്കിലും മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് കെടി ജലീല്‍. ഈ ബന്ധം തന്നെയാണ് ജലീലിന് തുണയായത് എന്നാണ് വിലയിരുത്തല്‍.

ജലീല്‍ വന്നതിന് ശേഷം
കെടി ജലീല്‍ സിപിഎമ്മിനൊപ്പം വന്നതിന് ശേഷം മലബാര്‍ മേഖലയില്‍ ഇടത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആയിട്ടുണ്ട് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുസ്ലീം സംഘടനകളുമായുള്ള ജലീലിന്റെ അടുത്ത ബന്ധവും അദ്ദേഹത്തിന്റെ സിപിഎമ്മിന് കൂടുതല്‍ വേണ്ടപ്പെട്ടവനാക്കിയിട്ടുണ്ട്.

ലോകായുക്ത വിധിയ്ക്ക് ശേഷം
ബന്ധു നിയമന കേസില്‍ ലോകായുക്ത വിധി വന്നതോടെയാണ് സിപിഎമ്മും പ്രതിരോധത്തിലായത്. ഇപി ജയരാജന് കിട്ടാത്ത എന്ത് ആനുകൂല്യമാണ് കെടി ജലീലിന് നല്‍കുന്നത് എന്ന ചോദ്യമാണ് എതിരാളികള്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ഇത് പാര്‍ട്ടിയ്ക്കുള്ളിലും ചര്‍ച്ചയാകുന്ന സ്ഥിതിവിശേഷം വന്നു.

മുഖ്യമന്ത്രി ഇടപെട്ടു
ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ടാണ് കെടി ജലീലിനോട് രാജി ആവശ്യപ്പെട്ടത് എന്നാണ് വിവരം. എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ കെടി ജലീലിനോട് കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ജലീല്‍ അത് അംഗീകരിക്കുകയും ചെയ്തു.

വിവാദത്തിന് തിരശ്ശീല
ഇപി ജയരാജന്‍- കെടി ജലീല്‍ താരതമ്യം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് പിണറായി വിജയനെ നയിച്ചത് എന്നാണ് വിവരം. അല്ലെങ്കില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷം അന്തിമ നിലപാട് സ്വീകരിക്കാം എന്നായിരുന്നു സിപിഎം നീക്കം. എന്തായാലും ജലീല്‍ രാജിവച്ചതോടെ ജയരാജനുമായി താരതമ്യങ്ങള്‍ക്കും താത്കാലികമായി തിരശ്ശീല വീണിരിക്കുകയാണ്.

തന്ത്രപരമായ തീരുമാനം
ജലീല്‍ രാജിവയ്ക്കാന്‍ വൈകുന്ന ഓരോ ദിവസും അത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മാത്രമേ വഴിവയ്ക്കൂ എന്നതും സിപിഎം തിരിച്ചറിഞ്ഞു. സര്‍ക്കാരിന്റെ അവസാന ദിനങ്ങളില്‍ രാജിവയ്ക്കുന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനും സാധ്യതയില്ല. മെയ് 2 ന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലത്തേയും അത് ബാധിക്കില്ല.












Click it and Unblock the Notifications