''അതല്ല രാഹുൽ ഗാന്ധിക്ക് തന്നെയാണോ ലീഗ് കൊടി ഹറാമായത്?'' വിമർശിച്ച് കെടി കുഞ്ഞിക്കണ്ണൻ
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ മുസ്ലീം ലീഗിന്റെ പച്ചക്കൊടിക്ക് വിലക്ക് ഏർപ്പെടുത്തുന്നത് എതിർക്കേണ്ടതുണ്ടെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ. ഹിന്ദുത്വ അജണ്ടയിൽ കിടന്നുള്ള അപകടകരമായ രാഷ്ട്രീയക്കളിയാണ് ഇതെന്ന് കെടി കുഞ്ഞിക്കണ്ണൻ വിമർശിച്ചു. കെടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്: '' മുസ്ലിം ലീഗുമായി രാഷ്ട്രീയമായി ശക്തമായ വിയോജിപ്പും വിമർശനമുണ്ടു്. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് അഡ്ജസ്റ്റ് ചെയ്യാൻ പൗരത്വനിയമഭേദഗതിയെ വരെ അംഗീകരിച്ച് കൊടുക്കുന്ന അവരുടെ നിലപാടുകൾക്കെതിരെ നിശിതമായ വിമർശനവുമുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ലീഗിൻ്റെ പച്ചകൊടിക്ക് തുടർച്ചയായി വിലക്ക് ഏർപ്പെടുത്തുന്ന കോൺഗ്രസ് നടപടിയെ ശക്തമായി എതിർക്കേണ്ടതുണ്ടെന്നതാണ് നിലപാട്.
''അവരുടെ ചന്ദ്രകലാങ്കിതമായ പച്ചപ്പതാക രാഹൂൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന കോൺഗ്രസ് നിലപാട് ഹിന്ദുത്വ അജണ്ടയിൽ കിടന്നുള്ള അപകടകരമായ രാഷ്ട്രീയക്കളിയാണ്'. സംഘ പരിപാറി ന് വഴങ്ങുന്ന ഹിന്ദുത്വ അജണ്ടയുടെ കുറ്റകരമായ നീക്കമാണിതെന്ന് മനസ്സിലാക്കണം. ബ്രിട്ടീഷുകാരുടെ കാല് നക്കി നടന്ന സംഘികൾ വടക്കേന്ത്യയിൽ നടത്താനിടയുള്ള പ്രചരണം ഭയന്നാണ് പോലും പച്ചപ്പതാകക്ക് രാഹൂൽ പരിപാടികളിൽ വിലക്ക് ഏർപ്പെടുത്തുന്നത്. പാർലിമെൻ്റ് തെരഞ്ഞടുപ്പ് കാലത്ത് രാഹൂലിൻ്റെ പ്രചരണത്തിന് പാക്കിസ്ഥാൻ പതാകയാണ് ഉപയോഗിക്കുന്നതെന്ന സംഘിപ്രചരണത്തിന് വഴങ്ങിയാണ് ഇപ്പോഴും പച്ചക്കൊടിക്ക് വയനാട്ടിൽ വിലക്ക് തുടരുന്നത്!
എൻ്റെ കോൺഗ്രസുകാരെ ബ്രിട്ടീഷുകാരുടെ ആസനം തുടച്ച് നടന്ന സംഘികളുടെ കാവിക്കൊടിയെക്കാൾ മഹത്വവും ദേശാഭിമാന ചരിത്രവുമുള്ളതാണാ ആ പച്ചപ്പതാകയെന്ന് നിങ്ങൾ മനസ്സിലാക്കണം.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ത്രിവർണ്ണപ്പതാകയോടും ചെങ്കൊടിയോടും ചേർത്ത് സ്വാതന്ത്ര്യ സമരപ്പോരാളികൾ ഉയർപ്പിടിച്ച പതാകകളിൽ ആ പച്ചക്കൊടിയുമുണ്ടായിരുന്നു.. റോയൽ നേവി കലാപകാരികൾ വരെ ത്രിവർണ്ണപതാകയോടും ചെമ്പതാകയോടുമൊപ്പം ആ പച്ചക്കൊടിയും ഉയർത്തിയാണ് നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയത്..
ചരിത്രബോധം നഷ്ടപ്പെട്ട് സംഘികൾക്ക് വഴങ്ങി കൊടുക്കുന്ന കോൺഗ്രസ്സുകാരോട് പച്ചപ്പതാകയുടെ ചരിത്രം പറയാൻ ആത്മാഭിമാനള്ള ആരും ലീഗിലില്ലാതെ പ്പോയല്ലോ എന്ന ഖേദത്തിനൊന്നും കാര്യമില്ലെന്നറിയാം. കോൺഗ്രസുകാരെ പോലെ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണമെന്ന മനോനിലയിലാണല്ലോ ലീഗുകാരും! എന്തു ചെയ്യാം... മുസ്ലിംലീഗ് യു.ഡി.എഫിന്റെ ഭാഗമാണല്ലോ മാനന്തവാടിയിലെ സ്ഥാനാർത്ഥി യു.ഡി.എഫിന് വേണ്ടിയാണല്ലോ മത്സരിക്കുന്നത്. രാഹുൽഗാന്ധി മാനന്തവാടിയിൽ വന്നത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനുമാണല്ലോ. അങ്ങനെ വരുമ്പോൾ എന്തുകൊണ്ടു് രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ മുസ്ലിംലീഗിന്റെ കൊടി ഹറാമാകുന്നത് എന്ന് ലീഗുകാരാലോചിക്കേണ്ടതല്ലേ?
എന്തുകൊണ്ടാണ് ആത്മാഭിമാനമുള്ള മുസ്ലിംലീഗുകാർക്ക് അങ്ങനെയൊന്നും ചിന്തിക്കാനും പ്രതികരിക്കാനുമാവാഞ്ഞത്.. സ്വന്തം പ്രസ്ഥാനത്തിന്റെ കൊടിയുമായി മാനന്തവാടിയിൽ എത്തി അതൊന്ന് ആത്മാഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിയാതെ തലതാഴ്ത്തിപ്പിടിച്ച് നിൽക്കേണ്ടി വന്ന മുസ്ലിംലീഗിന്റെ പ്രവർത്തകരുടെ അവസ്ഥയെ കുറിച്ച് ലീഗിലെ ആത്മാഭിമാനമുള്ളവർ സ്വസ്ഥമായിരുന്ന് ചിന്തിക്കട്ടെ.. മാനന്തവാടിയിൽ ആർ.എസ്.എസുമായി വോട്ടു പറഞ്ഞ് ഉറപ്പിച്ചിരിക്കുന്നവർക്കാണോ മുസ്ലിംലീഗിന്റെ കൊടി ഹറാമാകുന്നതതെന്ന് തന്നെയാണ് ചോദ്യം ..? അതല്ല രാഹുൽ ഗാന്ധിക്ക് തന്നെയാണോ ലീഗ് കൊടി ഹറാമായത്. പച്ചക്കൊടി മതനിരപേക്ഷതയുടെ ചിഹ്നമല്ലെന്ന് കരുതുന്ന കോൺഗ്രസുകാരിൽ ഇനിയും പ്രതീക്ഷ വെക്കണമോയെന്നൊന്നും മുസ്ലിംലീഗ് നേതാക്കളോട് ചോദിക്കുന്നില്ല. പക്ഷെ, സാധാരണ ലീഗ്പ്രവർത്തകർ ഇതൊക്കെയൊന്ന് ആലോചിക്കണം. മോഡിയെയും അമിത് ഷായെയും അഡ്ജസ്റ്റ് ചെയ്യുന്ന കോൺഗ്രസ്‌രാഷ്ടീയത്തിനു് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം...''