കെടിയു വിസി: തിരിച്ചടി ഗവർണർക്കും യുഡിഎഫിനും മാധ്യമങ്ങൾക്കും ദേവൻ രാമചന്ദ്രനും: എംവി ജയരാജന്‍

കണ്ണൂർ: കേരള സാങ്കേതിക സർവകലാശാല(കെടിയു) ഇടക്കാല വിസിയായി ഡോ. സിസ തോമസിന്റെ നിയമനത്തില്‍ സർക്കാറിന് ആശ്വാസം നല്‍കുന്ന വിധിയായിരുന്നു ഇന്നലെ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. വൈസ്‌ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് വ്യക്തമാക്കിയ കോടതി കെടിയു വിസി ആരെന്ന് നിർദേശിക്കേണ്ടത് സർക്കാരാണ്, സർക്കാർ നൽകുന്ന പട്ടികയിൽനിന്നുമാത്രമേ വിസിമാരെ നിയമിക്കാവൂവെന്നും മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം കോടതി വിധി ഗവർണർക്ക് മാത്രമല്ല യുഡിഎഫിനും വലതുപക്ഷ മാധ്യമങ്ങൾക്കും ദേവൻ രാമചന്ദ്രനുമാണ് തിരിച്ചടിയെന്നാണ് എംവി ജയരാജന്‍ അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിൽ ഗവർണർക്ക് മാത്രമല്ല, രാജാവിനെക്കാൾ രാജഭക്തികാട്ടി ഇല്ലാത്ത നിയമം സൃഷ്ടിച്ച് സിസ തോമസിന്റെ നിയമനം ശരിവെച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനും സമരാഭാസങ്ങൾ സംഘടിപ്പിച്ച യുഡിഎഫിനും ബിജെപിക്കും, ഓശാനപാടിയ വലതുപക്ഷ മാധ്യമങ്ങൾക്കും തിരിച്ചടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. മറ്റ് സർവ്വകലാശാലാ നിയമങ്ങളിൽനിന്നും വ്യത്യസ്തമായ വ്യവസ്ഥയാണ് കെ.ടി.യു. വി.സി. നിയമനക്കാര്യത്തിലുള്ളത്.

കെ ടി യു നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നു മാത്രമേ ചാൻസലറായ ഗവർണർക്ക് വി.സി.യെ നിയമിക്കാൻ കഴിയൂ. അതിന് പകരം സിസയെ ഗവർണർ സ്വേച്ഛാപരമായി നിയമിച്ചു. അതിന് പുതിയ നിയമമുണ്ടാക്കി സിംഗിൾബെഞ്ച് ശരിവെച്ചു. യു ഡി എഫും ബി ജെ പിയും പതിവുപോലെ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തി. സമരത്തിന് എരിവും പുളിയും പകരാൻ വലതുപക്ഷ മാധ്യമങ്ങളും സജീവമായി.
സർക്കാർ നിയമാനുസൃതമായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, കെടിയു പിവിസി, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ എന്നിവരിൽ ആർക്കെങ്കിലും താൽക്കാലിക ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അത് പരിഗണിച്ചില്ല. സിസയ്ക്ക് പത്ത് വർഷം അധ്യാപനപരിചയം ഇല്ലാതിരുന്നിട്ടും ഭരണപരിചയം അധ്യാപനപരിചയമായി കണക്കാക്കി നിയമനം ശരിവെക്കുകയായിരുന്നു ദേവൻ രാമചന്ദ്രൻ.
എൻ എസ് എസ് സേവനത്തെ അധിക്ഷേപിച്ച്, 'കുഴിവെട്ട്' അധ്യാപനപരിചയമായി കണക്കാക്കില്ലെന്ന വിവാദ പ്രസ്താവന ഇതേ കാലയളവിൽ മറ്റൊരു കേസ് പരിഗണിക്കുമ്പോൾ നടത്തി വ്യാപകമായ പ്രതിഷേധം ഏറ്റുവാങ്ങിയ ആളാണ് ദേവൻ രാമചന്ദ്രൻ. ഒരു മാസത്തിനിടയിൽ രണ്ട് വിധിയിൽ രണ്ട് ന്യായം. ഗവർണറാകട്ടെ, ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കിയത്.
ആറ് മാസം പോലും ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന ഡിവിഷൻ ബെഞ്ച് വിധി സിസയ്ക്ക് മാത്രമല്ല, നിയമവിരുദ്ധ നിയമനം നടത്തിയ ഗവർണർക്കും ബാധകമാണ്. എന്നാൽ ആരിഫ് മുഹമ്മദ്ഖാനായത് കൊണ്ട് ആസനത്തിൽ ആല് കിളിർത്താൽ അത് വളർത്തും, മറ്റുള്ളവരെ കാണിച്ച് മേനി നടിക്കും, തണല് വേണമെങ്കിൽ തന്റെ ചുറ്റും കൂടിക്കോ എന്ന് അഹങ്കരിക്കും!












Click it and Unblock the Notifications