കുണ്ടറ പീഡന പരാതി: മന്ത്രി ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്, റിപ്പോർട്ട് പോലീസിന് കൈമാറി
കൊല്ലം: കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. പരാതി പിൻവലിക്കുന്നതിന് വേണ്ടി മന്ത്രി ഇടപെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാണിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. മന്ത്രി ഇരയെ ഭീഷണിപ്പെടുത്തുകയോ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നൽകിയിട്ടുള്ള്ത്. പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും. 'പീഡന പരാതി നല്ല നിലയിൽ തീർക്കണം' എന്ന മന്ത്രിയുടെ ആവശ്യത്തിൽ കുറ്റകരമായി ഒന്നും ഇല്ലെന്നും പോലീസ് ശാസ്താകോട്ട ഡിവൈഎസ്പി കൊല്ലം റൂറഷ എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം നൽകിയിട്ടുള്ളത്. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പ്രശ്നം തീർക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് ഈ കേസിൽ പൊലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന തരത്തിലുള്ള ഭീഷണി പ്രസ്തുത ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയിട്ടുള്ളത്.

എൻ സി പി നേതാവിനെതിരായ പീഡന കേസ് പിൻവലിക്കാൻ പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് ഈ പരാതി ഉടലെടുത്തതെന്നും പരാതിയിൽ കഴമ്പില്ലെന്നുമായിരുന്നു തുടക്കം മുതൽ എകെ ശശീന്ദ്രനും എൻസിപിയും സ്വീകരിച്ച നിലപാട്. ഇതിനെ പിന്തുണയ്ക്കുന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതോടെ പോലീസ് മന്ത്രിക്ക് ക്ലീൻചിറ്റ് നൽകുകയും ചെയ്തിരുന്നു. കേസ് അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ലെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് സജൽ നൽകിയ പരാതിയിലാണ് മന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications