അർജുന് വേണ്ടിയുള്ള തിരിച്ചിലിന് സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ; കളക്ടറുടെ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരിച്ചിലിന് സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ. കെ സി വേണു ഗോപാൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന് അനുസരിച്ച് കളക്ടറുടെ റിപ്പോർട്ട് സൈന്യത്തിന് കൈമാറി. അർജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.
മണ്ണിടിഞ്ഞ് വീണ റോഡിന്റെ റോഡിന്റെ നടുഭാഗത്ത് നിന്ന് ഇന്നലെ വൈകീട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് ലഭിച്ചത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70 ശതമാനം യന്ത്രഭാഗങ്ങൾ തന്നെയായിരിക്കാമെന്നാണ് വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം.

സിഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. അർജുന് വേണ്ടിയുള്ള തിരച്ചിൽ ശനിയാഴ്ച രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. മോശം കാലാവസ്ഥയെ തുടർന്നാണ് അവസാനിപ്പിച്ചത്. ഞായറാഴ്ച രാവിലെ 6. 30 ന് പുനരാരംഭിക്കുമെന്നാണ് വിവരം.
കർണാടയിലെ ഷിരൂരിൽ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് ലോറിക്കൊപ്പം അർജുനെ കാണാതായത്. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടക്കം മുതലെ പരാജയമാണെന്നാണ് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞത്. ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വെറും പരാജയമാണെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു, ഇന്നലെ മൂന്ന് മണിവരെ തെറ്റായ രീതിയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
അതേ സമയം കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ അർജുന്റെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. ജീവന് വില കൽപ്പിക്കാത്ത സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇനി ഇങ്ങനെയൊരു അവസ്ഥ ആർക്കും വരാൻ പാടില്ലെന്നും പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം വരണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്.
ആദ്യ ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ വിശ്വസിച്ചതിൽ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞിരുന്നു. ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നും അർജുന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
അർജുനെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞു. ഇന്നലെ അത്യാധുനിക റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് അർജുന്റെ കുടുംബം സൈന്യത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.












Click it and Unblock the Notifications