യുവമോര്‍ച്ച പദവിയില്‍ നിന്നും മാറ്റിയതിന് മൂക്ക് പിഴിഞ്ഞ് ലസിത.. പക്ഷെ ഇനിയും പോസ്റ്റിടും
സംഘപരിവാറിന്‍റെ സോഷ്യല്‍ മീഡിയ മുഖങ്ങളില്‍ ഒരാളാണ് ലസിത പാലയ്ക്കല്‍. വിവാദപരമായ പ്രസ്താവനകള്‍ നിരന്തരം തന്‍റെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും അതുവഴി ബിജെപി നേതൃത്വത്തിനെ തന്നെ വെട്ടിലാക്കുന്നതും ലസിതയുടെ സ്ഥിരം തൊഴിലാണ്.
അടുത്തിടെ പിണറായി പടന്നക്കരയില്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വഴി സൗമ്യയ്ക്കെതിരെ പോലീസ് കേസ് വരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ദാ ലസിതയെ കൊണ്ട് പൊറുതിമുട്ടിയ ബിജെപി നേതൃത്വം യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിതയെ നീക്കം ചെയ്തിരിക്കുകയാണ്.

സ്ഥിരം സംഭവം
വ്യാജവാര്‍ത്തകള്‍ പടച്ച് വിട്ട് പണി വാങ്ങുന്നതില്‍ സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക കഴിവാണ്. വ്യാജ വാര്‍ത്തകള്‍ കൈയ്യോടെ പിടികൂടി സോഷ്യമീഡിയ പൊളിച്ച് അടുക്കുമെങ്കിലും തങ്ങളുടെ സ്ഥിരം രീതിയില്‍ നിന്ന് ഒരടിപോലും പിന്നോട്ടടിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവാറില്ല. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ടിജെ മോഹന്‍ദാസ് എന്നിവരാണ് പണി മേടിക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം പേരിദോഷം കേള്‍പ്പിക്കാതെ തന്നെ ബിജെപി യുവമോര്‍ച്ചാ നേതാവ് ലസിത പാലയ്ക്കലും ഉണ്ടാകാറുണ്ട്. വ്യാജവാര്‍ത്തകള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായതോടെയാണ് ലസിതയെ നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയത്.

എന്നാലും
എന്നാല്‍ പുറത്താക്കിയ നടപടിയില്‍ ഇപ്പോള്‍ ലസിത പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. താനിടുന്ന പോസ്റ്റുകൾ ‘സംഘർഷഭരിത'മാണെന്ന് കൂടെ പ്രവർത്തിക്കുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്നും എന്നാല്‍ നേതൃത്വത്തിന്‍റെ നടപടി ശരിയായില്ലെന്നും ലസിത തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ശരിയെന്ന് തോന്നുന്നത് പറയുന്നയാളാണ് താൻ. അത് ഇനിയും തുടരും. നിലവിൽ ഒരു സംഘടനയിലും ഭാരവാഹിത്വം ഇല്ലാത്തതിനാൽ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിന് വിലക്കില്ലെന്നും ലസിത കുറിച്ചു. ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പരസ്യ പ്രതികരണം
യുവമോർച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാൻ. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോർച്ച ഭരവാഹിത്വത്തിൽ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാൻ കേട്ടു. എന്നെ പോലെ തന്നെ പലർക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാൻ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി ഞാൻ എല്ലാവരെയും അറിയിക്കുന്നു....

സംഘര്‍ഷഭരിതം
ഞാൻ ഇടുന്ന പോസ്റ്റുകൾ സംഘർഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിർവഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിർത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം...

വിലക്കില്ല
ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല.കാരണം ഞാൻ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.
ഓർമ വച്ച കാലം മുതൽ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.എന്തായാലും എന്നെ ഇത്രയും കാലം ആത്മാർത്ഥമായി പിന്തുണച്ച യുവമോർച്ചയുടെ നേതാക്കളോടും പാർട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കൽ
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications