എഡിജിപി 'സേഫ്', നടപടിയില്ല; സംരക്ഷിച്ച് മുഖ്യമന്ത്രി, അന്വേഷണം തീരുന്നത് വരെ കാത്തിരിക്കാൻ എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങൾക്ക് ശേഷം നടന്ന നിർണായക ഇടത് മുന്നണി യോഗം അവസാനിച്ചു. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന എഡിജിപി എംആർ അജിത്കുമാറിനെ തൽക്കാലം നടപടി വേണ്ടെന്നാണ് മുന്നണി തീരുമാനം. എഡിജിപിക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും അത് തീരുന്നത് വരെ കാത്തിരിക്കാമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അജിത്കുമാർ എന്തിനാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പരിശോധിക്കണം. കുറ്റക്കാരനെങ്കിൽ ശക്തമായ ശിക്ഷ നൽകണമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും എൽഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടി. എംആർ അജിത്കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണം സർക്കാരിന്റെയും മുന്നണിയുടെയും പരിഗണനയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നത്.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. ഫോൺ ചോർത്തൽ ആര് ചെയ്‌താലും തെറ്റാണു. എല്ലാദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പീക്കർ എഎൻ ഷംസീറിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിൽ അതൊരു സ്വതന്ത്ര പദവിയാണെന്നായിരുന്നു ടിപിയുടെ മറുപടി.
അതേസമയം, എഡിജിപിക്ക് എതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ സ്വീകരിച്ചത്. സിപിഐ ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ കടുത്ത സമ്മർദ്ദത്തിന് ഇടയിലും അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ നടക്കുന്ന അന്വേഷണം തുടരട്ടെ എന്ന് പറഞ്ഞ മുഖ്യമന്ത്രി ആർഎസ്എസ് നേതാവിനെ കണ്ട കാര്യം കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്താം എന്നാണ് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ ചർച്ച വേണമെന്ന് ആർജെഡി ആവശ്യപ്പെട്ടപ്പോൾ അന്വേഷണം തീരട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. നടപടി വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. ബിനോയ് വിശ്വം, വർഗീസ് ജോര്‍ജ്, പിസി ചാക്കോ തുടങ്ങിയ ഘടകക്ഷി നേതാക്കൾ ഒരേ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യത്യസ്‌ത നിലപാടാണ് സ്വീകരിച്ചത്.
മുന്നണി യോഗത്തിന് മുന്നോടിയായി നടന്ന സിപിഐ-സിപിഎം ചർച്ചയിലും വിഷയം ഉയർന്നുവന്നിരുന്നു. അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. എന്നാൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഒഴിഞ്ഞുമാറുന്നതെന്നാണ് സൂചന. ഇത് സാധൂകരിക്കാൻ സെൻകുമാർ കേസ് ഉൾപ്പെടെ സിപിഎം എടുത്തു കാണിക്കുന്നുണ്ട്.












Click it and Unblock the Notifications