ബിജെപിയിൽ അടി തുടങ്ങി, പരാതി പ്രളയം;വടിയെടുക്കുമോ സുരേഷ് ഗോപി? ആശങ്കയോടെ നേതാക്കൾ
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയതിന്റെ ആഘോഷം തീരും മുൻപേ ബി ജെ പിയിൽ പോര് രൂക്ഷം. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. മികച്ച മുന്നേറ്റം നേടാൻ കഴിയുന്ന മണ്ഡലങ്ങളിൽ പോലും വോട്ടുയർത്താൻ സാധിക്കാത്തതിൽ പല ജില്ലാ നേതൃത്വങ്ങൾക്കെതിരേയും പരാതി ഉയർന്നിട്ടുണ്ട്. ബിഡിജെഎസിന്റെ പ്രകടനം മങ്ങിയതിലും നേതാക്കൾക്കിടയിൽ മുറമുറുപ്പുണ്ട്.
തനിക്കെതിരെ ഒരു മുതിർന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്നാണ് ശോഭ സുരേന്ദ്രൻ ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കേരളത്തിൽ വന്നപ്പോഴും തന്റെ പ്രചരണത്തിന് വരാതിരുന്നത് ചില നേതാക്കൾ ഇടപെട്ടിട്ടാണെന്ന് ശോഭ ആരോപിക്കുന്നു. പ്രചരണ രംഗത്ത് വലിയ തിരിച്ചടിയാണ് താൻ നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടി അവർ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് വേണ്ടത്ര പിന്തുണ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അനിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നു. കോൺഗ്രസുകാർക്ക് പോലും അറിയാത്ത അനിലിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കുന്നത് മണ്ടൻ തീരുമാനമായിരിക്കുമെന്നായിരുന്നു നേതാക്കളുടെ നിലപാട്. അനിലിന് സ്ഥാനാർത്ഥിത്വം നൽകിയത് പിസി ജോർജ് അടക്കം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പിസി ജോർജ് അനിലിനെതിരെ രൂക്ഷ വിമർശനം നടത്തി.
മാവേലിക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ബി ഡി ജെ എസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുള്ള പാലക്കാട് വോട്ട് ഉയർത്താൻ സാധിക്കാത്തതിലും ജില്ലാ നേതൃത്വത്തിൽ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ മികച്ച പ്രകടനം നടത്തിയപ്പോൾ തിരുവന്തപുരത്ത് പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് ചോർന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ പരാതികൾ പൊട്ടിത്തെറിയായി മാറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം സുരേഷ് ഗോപി ഇനി പാർട്ടിയിൽ നിർണാക ശബ്ദമായേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. നേരത്തേ തന്നെ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷൻ ആക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. ദേശീയ നേതൃത്വത്തിനും ഇതിനോട് അനുകൂല നിലപാടാണ്. എന്നാൽ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനോട് അദ്ദേഹത്തിന് താത്പര്യമില്ല. നിലവിലെ സാഹചര്യത്തിൽ സുരേഷ് ഗോപി പാർട്ടിയിൽ ശക്തമായ ഇടപെടൽ നടത്തിയേക്കുമെന്നാണ് ചിലർ കരുതുന്നത്. ദേശീയ നേതൃത്വവും അതിന് കൈയ്യടിക്കുമെന്ന് കരുതുന്നവരും ഉണ്ട്. അങ്ങനെയെങ്കിൽ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോയെന്നതാണ് ചിലരുടെ ആശങ്ക.












Click it and Unblock the Notifications