ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മത്സരിക്കും?; അനിൽ ആന്റണിയുടെ മറുപടി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി ദേശീയ നേതൃത്വമാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ ബിജെപി ഇക്കുറി കൂടുതൽ സീറ്റുകൾ സ്വന്തമാക്കുമെന്നും അനിൽ അവകാശപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അനിലിന്റെ പ്രതികരണം.
'ആര് സ്ഥാനാർത്ഥിയാകണം, എവിടെ സ്ഥാനാർത്ഥിയാകണം എന്നൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിനനുസരിച്ച് താൻ പ്രവർത്തിക്കും', അനിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് കോൺഗ്രസും സി പി എമ്മും വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അനിൽ ആരോപിച്ചു. മണിപ്പൂരിൽ ട്രൈബൽ വിഭാഗങ്ങൾ തമ്മിലാണ് പ്രശ്നങ്ങൾ നടത്തത്. അതൊന്നും കേരളത്തിൽ തിരിച്ചടിയാകില്ല', അനിൽ പറഞ്ഞു.

കോൺഗ്രസും ബി ജെ പിയും വർഗീയമായാണ് ചിന്തിക്കുന്നതെന്നും കേരളത്തിൽ ബി ജെ പിയിൽ ചേർന്ന വൈദികനെതിരെ ഇരുപാർട്ടികളും രംഗത്തെത്തിയത് അതുകൊണ്ടാണെന്നും അമിൽ കുറ്റപ്പെടുത്തി. അയോധ്യ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങളിലും കോൺഗസിനെതിരെ അനിൽ രൂക്ഷവിമർശനം ഉയർത്തി.
ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കളെല്ലാം അയോധ്യക്ക് പോകണമെന്ന് പറയുന്നവരാണ്. കേരളത്തിൽ ഉള്ള നേതാക്കൾ അതിന് എതിരാണ്. ഇത്തരം വിഷയങ്ങളിൽ നിലപാടെടുക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസിനെ ജനങ്ങൾ ബി ജെ പിക്ക് ബദലായി കാണാത്തത്. ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസും സി പി എമ്മും രാഷ്ട്രീയ ഭൂപടത്തിൽ ഇല്ലാതാകുമെന്നും അനില്‍ ആൻറണി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് അനിലിനെ ബി ജെ പി മത്സരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ ആയിരിക്കും അനിലിനെ പരിഗണിച്ചേക്കുക എന്ന സൂചനകൾ ഉണ്ട്. ഈ മാസത്തോടെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസ്ഥാനത്ത് കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ അനിലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വേഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാല് മണ്ഡലങ്ങളാണ് ഇത്തവണ ബി ജെ പി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. തൃശൂർ , ആറ്റിങ്ങൽ, പത്തനംതിട്ട,തിരുവനന്തപുരം എന്നിവയാണിത്. ഇതിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ആറ്റിങ്ങലിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പേരിനാണ് മുൻതൂക്കം. തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ കൊണ്ടുവന്ന് ബി ജെ പി ഞെട്ടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പത്തനംതിട്ടയിൽ പൊതുസമ്മതനെയായിരിക്കും ബി ജെ പി പരിഗണിച്ചേക്കുകയെന്നാണ് സൂചന.












Click it and Unblock the Notifications