പാലക്കാട് ഇങ്ങെടുക്കുമോ ബിജെപി? നാളെ മോദിയെത്തും, റോഡ് ഷോയിൽ 50000 പേരെ പങ്കെടുപ്പിക്കാൻ നീക്കം
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ മുന്നണികൾ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ മേഖകളിലും എന്ന പോലെ നരേന്ദ്ര മോദിയെ മുൻപിൽ നിർത്തിയാണ് കേരളത്തിലും ബിജെപി കച്ചമുറുക്കുന്നത്. അടുത്തിടെ പത്തനംതിട്ടയിൽ പൊതുയോഗത്തിൽ പങ്കെടുത്ത നരേന്ദ്ര മോദി ഒരിക്കൽ കൂടി കേരള മണ്ണിലേക്ക് വരികയാണ്. ഇത്തവണ പാലക്കാട് മണ്ഡലം ലക്ഷ്യമിട്ടാണ് മോദിയുടെ വരവ്.
മുൻകാലങ്ങളിലേത് പോലെയല്ല ഇത്തവണത്തെ വരവിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഈ വർഷം ആരംഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മൂന്നിലധികം തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ മോദി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈ അടുത്തതായി അവർ കണക്കുകൂട്ടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്ന്.

ഇവിടെ മോദിയെത്തുമ്പോൾ ജനസാഗരത്തെ അണിനിരത്താനാണ് പാർട്ടിയുടെ നീക്കം. 50000ത്തലധികം പേർ പങ്കെടുക്കുന്ന റോഡ്ഷോയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നിരന്തരം ദേശീയ നേതാക്കളെയും പ്രധാനമന്ത്രിയെയും തന്നെ അവർ രംഗത്തിറക്കുന്നത്.
മുൻപ് രണ്ട് വട്ടം മോദി പാലക്കാടെത്തിയിരുന്നു. അത് രണ്ടും നിയമസഭാ പ്രചാരണത്തിന് ആയിരുന്നു. 2016ലും 2021ലും മോദി പാലക്കാടെത്തി. അതിന് ശേഷമാണ് അദ്ദേഹം ഇപ്പോൾ വീണ്ടും പാലക്കാട് കാല് കുത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ തന്നെ പാലക്കാട് മണ്ഡലത്തിൽ വൻ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയെടുത്തിട്ടുള്ളത്. വലിയ രീതിയിൽ അവർക്ക് ഇവിടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്.
നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന നരേന്ദ്ര മോദി റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്‌റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുക. 30 മിനിറ്റായിരിക്കും റോഡ് ഷോയുടെ സമയം. ഈ പരിപാടിയിൽ ഏകദേശം 50,000 പേരെ അണിനിരത്താനാണ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, പത്തനംതിട്ടയ്ക്ക് ശേഷം മോദി പാലക്കാട് എത്തുന്നതിന് പിന്നിൽ കൃത്യമായ കണക്കുകൂട്ടലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് ബിജെപി മണ്ഡലത്തിൽ നേടിയത്. 2014 മുതൽ തന്നെ ഇവിടെ ബിജെപി വോട്ടുകൾ വർധിക്കുന്നുണ്ട്. ഇത് മനസിലാക്കി തന്നെയാണ് പാലക്കാടിന് അവർ പ്രാധാന്യം കൊടുക്കുന്നതും. ഈ സാഹചര്യത്തിൽ മോദിയെ മുൻനിർത്തി മണ്ഡലത്തിൽ ശക്തമായ സ്വാധീനം നേടാനാണ് ബിജെപിയുടെ ശ്രമം.












Click it and Unblock the Notifications