പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നില്ല, ബിജെപിയെ പരാജയപ്പെടുത്തിയാല്‍ മതി: നിലപാട് വ്യക്തമാക്കി ഖാർഗെ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തെ ആര് നയിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് ഇതുവരെ ഒരു ധാരണയുണ്ടായില്ല. ചില പാർട്ടികള്‍ കോണ്‍ഗ്രസ് നയിക്കണമെന്ന് ആഭിപ്രായപ്പെടുമ്പോള്‍ മറ്റ് ചിലർ അതിന് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയ പരാമർശവുമായി എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ രംഗത്തെത്തുന്നത്. പ്രതിപക്ഷത്തെ ആര് നയിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് കടുംപിടുത്തം ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കം.
റായ്പൂരിൽ അടുത്തിടെ സമാപിച്ച പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ നിലപാടിൽ വലിയ മാറ്റത്തിന്റെ സൂചന നൽകുന്ന തീരുമാനത്തിന്റെ ആലോചനകളുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. "ഞങ്ങൾ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാമകരണം ചെയ്യുന്നില്ല. ആര് നയിക്കുമെന്ന് ഞങ്ങൾ പറയുന്നില്ല. ഞങ്ങൾ ഒരുമിച്ച് പോരാടാൻ ആഗ്രഹിക്കുന്നു," ചെന്നൈയിൽ ഡി എം എ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് ഖാർഗെ പറഞ്ഞു.
"വിഘടന ശക്തികൾക്കെതിരായ ഈ പോരാട്ടത്തിൽ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. 2024-ലെ തെരഞ്ഞെടുപ്പിന് മുമ്പായി നമ്മുടെ സഖ്യം ശക്തിപ്പെടുത്തുന്നത് തുടരണം," അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സന്ദർഭങ്ങളിൽ, 2019 ലെ പോലെ, പ്രധാന പ്രതിപക്ഷ നേതാക്കളെ, പ്രത്യേകിച്ച് പ്രധാനമന്ത്രി സ്ഥാനമോഹമുള്ളവരെ അസ്വസ്ഥരാക്കി, സഖ്യം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തവണ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കള്‍ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് രംഗത്തുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കാമെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഫാറൂഖ് അബ്ദുള്ളയും വ്യക്തമാക്കി.
"ആരാണ് പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന് നമുക്ക് മറക്കാം. ആദ്യം നമുക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാം," ചടങ്ങിൽ പ്രസംഗിക്കവേ ഫാറൂഖ് അബ്ദുള്ള ഖാർഗെയോടായി പറഞ്ഞു.
ഇന്ത്യ വിഷമകരമായ സാഹചര്യത്തിലാണെന്നും ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണെന്നും ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടു. "ശ്രീനഗറിനും തമിഴ്‌നാടിനും ഇടയിൽ എന്താണ് പൊതുവായുള്ളത്? താപനില, ഭക്ഷണം, ഭാഷ മുതലായവ വ്യത്യസ്തമാണ്. അപ്പോൾ നമുക്ക് പൊതുവായി എന്താണ്? ഒരുമിച്ച് ജീവിക്കാനും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനുമുള്ള ആഗ്രഹമാണ് പൊതുവായുള്ളതെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള ദേശീയ രംഗത്തേക്ക് വരണമെന്നും നിങ്ങൾ സംസ്ഥാനം നിർമ്മിച്ചതുപോലെ രാഷ്ട്രം കെട്ടിപ്പടുക്കണമെന്നും സ്റ്റാലിനോടായി പറഞ്ഞു.












Click it and Unblock the Notifications