വിസി നിയമനം; മന്ത്രി ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത, ഉത്തരവ് വെള്ളിയാഴ്ച
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്. ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും. മന്ത്രി പദവി ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്ന് ലോകായുക്ത പറഞ്ഞു. പുനര്‍ നിയമനം ലഭിച്ച വൈസ് ചാന്‍സലറില്‍ നിന്ന് മന്ത്രിക്ക് എന്തെങ്കിലും ഉപകാരം കിട്ടിയതായി തെളിവില്ല. വിസിയുടെ നിയമനത്തില്‍ അന്വേഷണം ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് വെള്ളിയാഴ്ച തീരുമാനമെടുക്കുക. മന്ത്രി ബിന്ദു നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ലോകായുക്ത വിലയിരുത്തി.

വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥിന്റെ പുനര്‍ നിയമനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യക്ക് മലയാളം അസോഷ്യേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് വലിയ അപരാധമല്ലെന്ന് വിലയിരുത്തിയ ലോകായുക്ത ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കുമെന്നും വിശദീകരിച്ചു. ഈ ഘട്ടത്തില്‍ പല അധ്യാപക തസ്തികകളിലേക്കും കണ്ണൂര്‍ സര്‍വകലാശാല നിയമനം നടത്തിയിട്ടുണ്ടെന്നും ഈ നിയമനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്നും ലോകായുക്ത ഹരജിക്കാരനോട് ചോദിച്ചു.
മന്ത്രി നല്‍കിയ പ്രൊപ്പോസല്‍ നിയമന അധികാരിയായ ചാന്‍സലര്‍ എന്തുകൊണ്ട് നിരസിച്ചില്ല എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ജോര്‍ജ് പൂന്തോട്ടമാണ് ഹാജരായത്.












Click it and Unblock the Notifications