ലുലു കോട്ടയം പ്രതീക്ഷിച്ചതിലും അപ്പുറം; യൂസഫലി പറയുന്നു..ഇനി എവിടെയൊക്കെ? ; ആ റിസ്ക് എടുക്കാത്തതിന് കാരണവും
കോട്ടയത്തിന് പിന്നാലെ കൊല്ലം കൊട്ടിയത്തും ലുലു ഡെയ്ലി ആരംഭിച്ചിരിക്കുകയാണ്. ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്റ് ആന്റ് അസിസ്റ്റന്റ്സ് കോ-ഓപ്പറേറ്റീവ് സൊസേറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ഡ്രീംസ് മാളിലാണ് ഡെയ്ലി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 2 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഡ്രീംസ് മാളിൽ രണ്ടുനിലകളിലായാണ് ലുലു കണക്ടും ലുലു ഡെയ്ലിലും പ്രവർത്തിക്കുക. ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പാണ് ലുലു ഡെയ്ലി.
കൊട്ടിയത്തിന് പിന്നാലെ കേരളത്തിൽ മറ്റെവിടെയെങ്കിലും ലുലു ഡെയ്ലി തുറക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ടോയെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഗ്രൂപ്പ് ചെയർമാൻ യൂസഫലി തന്നെ അതിന് ഉത്തരം നൽകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ഞങ്ങൾക്കൊരു റിസർച്ച് ടീമുണ്ട്. ഡെമോഗ്രാഫിക് ബാലാൻസ് അനുസരിച്ച് അവർ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലുലു ഡെയ്ലികൾ ആരംഭിക്കൂ. ഏതൊരു സംരഭം തുടങ്ങുന്നതിനും ഒരു പ്ലാനിങ്ങും വിസിബിലിറ്റി സ്റ്റഡിയും ആവശ്യമാണ്. ലാഭം ഇല്ലെങ്കിലും നഷ്ടമില്ലാതെ മുന്നോട്ട് പോകണം', അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് മറ്റൊരു മേഖലയിലേക്ക് ചുവടുവെക്കുന്നില്ലെന്ന ചോദ്യത്തിന് എനിക്ക് അറിയുന്ന പണിയല്ലേ ചെയ്യാൻ പറ്റൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഒരു സിവിൽ എവിയേഷൻ ഇൻഡസ്ട്രി തുടങ്ങാൻ പറഞ്ഞാൽ എനിക്ക് സാധിക്കുമോ, ഇല്ല. ഓരോരുത്തരും അവർക്ക് അറിയുന്ന കാര്യങ്ങൾ ചെയ്യുന്നു. ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഡെയ്ലി എന്നിങ്ങനെയുള്ള റീട്ടെയ്ൽ ശൃംഖലകളോട് കോംപ്ലിമെന്റ് ചെയ്യുന്ന ഫുഡ് പ്രോസിസിങ് യൂണിറ്റുകൾ ഞങ്ങൾക്കുണ്ട്. യൂണിറ്റുകൾ തുടങ്ങാൻ അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ ലഭിക്കണം. അങ്ങനെ ലഭിക്കുന്ന ഇടങ്ങളിലെല്ലാം ഞങ്ങൾക്ക് യൂണിറ്റുകൾ ഉണ്ട്. യുപിയിലും ഹരിയാനയിലും ഉണ്ട്. ഇന്ത്യയിലൊട്ടാകെ 18 ഓളം ഫുഡ് പ്രോസസിങ്ങ് യൂണിറ്റുകളാണ് ഉള്ളത്. മൂന്ന് മാസത്തിനുള്ളിൽ കളമേശരിയിലും ഫുഡ് പ്രോസസിങ് പ്ലാന്റ് ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ സ്ഥാപനത്തിന്റെ കല്ലിടൽ നിർവഹിക്കും.
പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംരംഭം തുടങ്ങാറുള്ളത്. എന്നുവെച്ച് ഈ പഠനം എപ്പോഴും കൃത്യമാകണമെന്നില്ല. എന്നുവെച്ച് റിസ്ക് എടുക്കാതിരിക്കാൻ സാധിക്കില്ലല്ലോ. ഞാൻ ലോകത്ത് എല്ലായിടത്തും റിസ്ക് എടുക്കുകയാണ്. കോട്ടയത്ത് ഞങ്ങൾ ഉദ്ദേശിക്കുന്നതിനെക്കാൾ ആളുകൾ അവിടെ എത്തുന്നുണ്ട്. യുവാക്കളാണ് കൂടുതലായി വരുന്നത്.
രാത്രി 9 ന് ശേഷമൊക്കെ കൊച്ചിയിലേയും തിരുവനന്തപുരത്തേയുമൊക്കെ ലുലുവിൽ പോയാൽ പ്രായമായവരൊക്കെ നടന്ന് ഓരോന്ന് കാണുന്നതൊക്കെ കാണാം. ഇതൊക്കെ കാണുമ്പോൾ ഒരു സംതൃപ്തി ആണ്. കൊട്ടിയത്തും ഇത് തന്നെയായിരിക്കും സ്ഥിതി', അദ്ദേഹം പറഞ്ഞു.
അതേസമയം കൊല്ലത്തിന് പിന്നാലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും തിരൂരും പുതിയ മാളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു. ഇരുസ്ഥലത്തും മിനി മാളുകളായിരിക്കും ആരംഭിക്കുക. മാളുകളുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications