ലുലു ഗ്രൂപ്പിന്റെ കൈത്താങ്: വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ്
തിരുവനന്തപുരം: മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് ആരംഭിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജി. മൊബൈൽ ഔട്ട്‌ബ്രേക്ക് യൂണിറ്റിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. പ്രമുഖ റീടെയില്‍ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ സഹായത്തോടെയാണ് മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്‍റെ കോർപ്പറേറ്റ് എന്‍വയോണ്‍മെന്‍റ് റെസ്പോണ്‍സിബിലിറ്റി ഫണ്ട് മുഖേന വാങ്ങിയ വാഹനത്തില്‍ മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് സജ്ജീകരിച്ചു.
സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ കൂടുതൽ പഠനങ്ങൾക്കായി എത്തിക്കൽ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള സംഘവും യൂണിറ്റിന്റെ ഭാഗമാണ്. ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റ് വഴി ദ്രുതപ്രതികരണം, പരിശോധന, നിർണായക മെഡിക്കൽ ഇടപെടലുകൾ എന്നിവ ഉറപ്പാക്കാനാവും.

വൈറല്‍ രോഗങ്ങളുണ്ടാകുമ്പോള്‍ അതിവേഗത്തില്‍ രോഗബാധിത പ്രദേശങ്ങളിലെത്തി സാമ്പിളുകള്‍ ശേഖരിക്കാനും വേണ്ടി വന്നാല്‍ ഉചിതമായ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ പരിശോധനാ സൗകര്യത്തിലേക്ക് മാറ്റുന്നതിനും മൊബൈല്‍ യൂണിറ്റ് സഹായകരമായി മാറും. സാമ്പിളുകളുടെ അപചയസാധ്യത കുറയ്ക്കാനും രോഗം നിയന്ത്രിക്കുന്നതിനായി ദ്രുതഗതിയിലുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും പുതിയ യൂണിറ്റിന്റെ വരവോടെ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടർ ജോയ് ഷഡാനന്ദന്‍, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications