പാര്‍ട്ടി കോണ്‍ഗ്രസിനിടെ പിറന്നാള്‍ ആഘോഷം : കേക്ക് മുറിച്ച് ആഘോഷം
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ പിറന്നാള്‍ ആഘോഷിച്ച് സിപിഎം മുതിര്‍ന്ന നേതാവ് എം.എ ബേബി. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ 68ആം പിറന്നാള്‍ ദിനം. പാര്‍ട്ടി കോണ്‍ഗ്രസിന് തലേദിവസം നടന്ന പോളിറ്റ് ബ്യൂറോക്കിടെയാണ് പിറന്നാള്‍ ആഘോഷം നടന്നത്. മുന്‍ മന്ത്രിയെ ഞെട്ടിച്ചുകൊണ്ടാണ് യോഗത്തിന് ശേഷം പിറന്നാള്‍ കേക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് ബേബിക്ക് നല്‍കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃദ്ധ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന ഭാര്യ ഇത്തവണ ടീഷര്‍ട്ടാണ് സമ്മാനിച്ചത്.

1954 ഏപ്രില്‍ 5 നാണ് എം.എ ബേബിയുടെ ജനനം. കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനാണ് എംഎ ബേബി. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
32-ാം വയസില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലേക്ക് സഭയിലെത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാളാണ് എംഎ ബേബി. 2006-ല്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍നിന്ന് ആദ്യമായി ജനവിധി തേടി വിജയിച്ചു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സമ്മേളനത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് യെച്ചൂരി ചോദിച്ചു. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണമെന്നും ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും. മത ധ്രൂവീകരണം നടത്തിയാണ് പല സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ശ്രമിക്കുന്നത്.
കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും മതനിരപേക്ഷ നിലപാട് ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവരുടെ എല്ലാ ഹിന്ദുത്വ അജണ്ഡകളെയും പരാജയപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications