മലയാള സിനിമ മേഖല ഭാവി തലമുറക്ക് സുരക്ഷിതമായ ഇടമായി മാറണം; റിപ്പോർട്ട് പുറത്ത് വന്നതില്‍ സന്തോഷം: മാലാ പാർവതി
തിരുവനന്തപുരം: ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതില്‍ സന്തോഷമെന്ന് നടി മാലാ പാർവതി. നമ്മുടെ ഭാവി തലമുറക്കെങ്കിലും സുരക്ഷിതമായ ഇടമായി മലയാള സിനിമ മാറേണ്ടതുണ്ടെന്നും അതിന് അനുസൃതമായ തുടർ നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ മാലാ പാർവതി വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഞാനും മൊഴി കൊടുത്തിട്ടുണ്ട്. ഈ രംഗത്ത് ഒരു മാറ്റം വരണമെന്ന് ആഗ്രഹക്കുന്ന നിരവധി സ്ത്രീകളും ഇതില്‍ മൊഴി കൊടുത്തിട്ടുണ്ട്. പരസ്പരം സംസാരിച്ചുകൊണ്ടോ ചർച്ച ചെയ്തോ അല്ല മൊഴി കൊടുത്തത്. ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാവരും പറഞ്ഞതില്‍ ഒരു പൊതുവായ ഇടം ഉണ്ടോ? ആളുകള്‍ എന്താണ് പറഞ്ഞിരിക്കുന്നത് അതില്‍ എന്തൊക്കെയാണ് മാറ്റം വരുത്താന്‍ പോകുന്നത് എന്നൊക്കെ അറിയേണ്ടതുണ്ട്' മാലാ പാർവതി വ്യക്തമാക്കി.

നാളെ വരുന്ന തലമുറക്ക് സുരക്ഷിതമായ ഇടമായി സിനിമ മാറേണ്ടതുണ്ട്. അത്തരമൊരു പ്രതീക്ഷയിലാണ് ഞാനുള്ളത്. ഈ റിപ്പോർട്ട് സംബന്ധിച്ച് സർക്കാർ ഏതൊക്കെ രീതിയില്‍ മുന്നോട്ട് പോകണം എന്ന ചോദ്യത്തിന് പ്രതികരിക്കണമെങ്കില്‍ റിപ്പോർട്ട് വിശദമായി പഠിക്കേണ്ടതുണ്ട്. റിപ്പോർട്ട് പുറത്ത് വന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. റിപ്പോർട്ട് പഠിച്ചതിന് ശേഷമേ കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ട് പുറത്ത് വരുന്നത് ഡബ്ല്യുസിസിയുടെ നേട്ടമാണെന്നും അവരുടെ യാത്രയുടെ ഗുണം സിനിമ മേഖലയിലെ എല്ലാവർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലാ പാർവതി നേരത്തെ വ്യക്തമാക്കിയിരുന്നു. 'നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കണമെന്ന് പ്രധാനമായും ആവശ്യം ഉന്നയിച്ചത്. ഞാൻ സംഘടനയിലെ അംഗമല്ല. എന്നിരുന്നാലും റിപ്പോർട്ട് പുറത്തുവരുന്നുവെന്നത് അവരുടെ കൂടി നേട്ടമാണ്.' എന്നായിരുന്നു നടിയുടെ വാക്കുകള്‍.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒന്നാം എൽഡിഎഫ് സർക്കാരായിരുന്നു ഹേമ കമ്മീഷനെ നിയോഗിച്ചത്. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു സി സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു സമിതി അംഗങ്ങള്‍. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങള്‍ കഴിഞ്ഞെങ്കിലും പലവിധ കാരണങ്ങളാല്‍ പുറത്ത് വരാതിരുന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications