Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി, 3 പേര്‍ സ്ത്രീകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

പൊന്നാനി: മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ രോഗം ബാധിച്ച മൂന്ന് പേരും സ്ത്രീകളാണ്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം പൊന്നാനിയില്‍ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

അഞ്ചാം വാര്‍ഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടര്‍ന്ന പൊന്നാനി ഈഴുവത്തിരുത്തി, തവനൂര്‍ ബ്ലോക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രദേശത്ത് സര്‍വേ നടത്തി. നാല് പേര്‍ അടങ്ങുന്ന പത്ത് സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ചു.

malappuram-malaria

കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാനാണ് ഗൃഹസന്ദര്‍ശന സര്‍വേ നടത്തിയത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്ന് സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. 1200 രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് മലമ്പനി രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ 4, 5, 6, 7 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉടന്‍ നടക്കും. രാത്രികാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുന്നതിനും വീടുകളില്‍ കൊതുനശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശന രക്തപരിശോധനയില്‍ പങ്കാളിയാകണമെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.

മലമ്പനിയെ കരുതിയിരിക്കുക

പ്ലാസ്‌മോഡിയം എന്ന പേരില്‍ അറിയപ്പെടുന്ന ഏകകോശ ജീവിയാണ് മലമ്പനി പരത്തുന്നത്. അനോഫിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുക് കുത്തുന്നതിലൂടെ ഇത് മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നു. മലമ്പനി രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുണ്ടാവാം. രോഗം പടരാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കൊതുകുകടിയേല്‍ക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. രാത്രികാലങ്ങളില്‍ പുറത്തുകിടക്കാതെ കൊതുകു വലയ്ക്കുള്ളില്‍ കിടന്നുറങ്ങുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍, കൊതുക് തിരി തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതേസമയം ഫലപ്രദമായ ചികിത്സ മലമ്പനിക്ക് ലഭ്യമാണ്.

മൂന്ന് ദിവസം മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ചികിത്സ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ചികിത്സയുടെ കാര്യത്തില്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശം മാത്രം സ്വീകരിക്കുക.

ഛര്‍ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവ മലേറിയ ബാധിച്ചാല്‍ രോഗലക്ഷണമായി കാണിക്കാറുണ്ട്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശിവേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+