മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവില്‍
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ാം പിറന്നാള്‍. മലയാളത്തിലേക്ക് ജ്ഞാനപീഠം അടക്കമുള്ള പുരസ്‌കാരങ്ങളെ കൊണ്ടുവന്ന സര്‍ഗപ്രതിഭയാണ് അദ്ദേഹം. മലയാള സാഹിത്യത്തിനും, സിനിമയ്ക്കും എംടി സമ്മാനിച്ച നേട്ടങ്ങള്‍ ഏറെയാണ്. അതേസമയം എംടിക്ക് അവിസ്മരണീയമായ പിറന്നാള്‍ സമ്മാനമാണ് സാംസ്‌കാരിക കേരളം സമ്മാനിച്ചത്.
മുഖ്യമന്ത്രി പിണരായി വിജയനും, നടന്‍ മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന നവതി ആഘോഷ പരിപാടികളില്‍ പങ്കെടുത്ത്. അദ്ദേഹത്തിന് ആശംസ നേര്‍ന്നു. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അദ്ദേഹം എഴുത്തിന്റെ കുലപതിയായി മാറിയത്.1933 ജൂലായ് പതിനഞ്ചിന് നാരായണന്‍ നായരുടെയും, അമ്മാളുവമ്മയുടെയും മകനായിട്ടാണ് എംടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ എംടി കഥകള്‍ എഴുതി തുടങ്ങിയിരുന്നു.

രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. പിന്നീടാണ് നാലുകെട്ട് എന്ന നോവല്‍ വരുന്നത്. അത് മലയാള സാഹിത്യത്തിലെ തന്നെ ക്ലാസിക്കായി മാറി. കാലത്തിലെ സേതുവും, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയുമെല്ലാം സ്വത്വബോധം തേടുന്ന യൗവനങ്ങളായിരുന്നു. ചതിയന്‍ ചന്തുവെന്ന സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച ഒരു വടക്കന്‍ വീര ഗാഥയും, രണ്ടാമൂഴത്തിലെ ഭീമനുമെല്ലാം ആ തൂലികയില്‍ പിറന്നതാണ്.
അധ്യാപകനായും, പത്രാധിപരമായും എംടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തിലും, സിനിമയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷണ്‍, ജ്ഞാനപീഠനം, എന്നിവ അടക്കം നല്‍കിയ ആദരിച്ചിട്ടുണ്ട്. 1963ല്‍ സ്വന്തം കഥയായ മുറപ്പെണ്ണ് സിനിമാ രൂപത്തിലാക്കാനായി തിരക്കഥയെഴുതി. അങ്ങനെയാണ് അദ്ദേഹം സിനിമയിലേക്ക് ചുവടുവെക്കുന്നത്.
1973ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപതക്കവും ലഭിച്ചിരുന്നു. അമ്പതിലേറെ തിരക്കഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം, എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. രണ്ടാമൂഴം, വാനപ്രസ്ഥം, കാലം എന്നിവയ്ക്കും സുപ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications