അതിജീവിച്ച നടിക്കൊപ്പമെന്ന് മമ്മൂട്ടി, പിന്നാലെ ദുല്‍ഖറും, പിന്തുണയുമായി സിനിമാ ലോകം
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് സൂപ്പര്‍ താരം മമ്മൂട്ടിയുടെ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. നടിക്കൊപ്പമുണ്ടെന്ന് ഇതോടൊപ്പം മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും പിന്തുണ അറിയിച്ചിട്ടുണ്ട്. നടിയുടെ സ്റ്റോറി തന്നെയാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. ഒപ്പം മൂന്ന് ലൗ ഇമോജികളും ദുല്‍ഖര്‍ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. മഞ്ജുവാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജന്‍, തുടങ്ങി നിരവധ പേരാണ് നടിക്ക് പിന്തുണ അറിയിച്ച് എത്തിയത്.

നേരത്തെ നടന്‍ പൃഥ്വിരാജും ടൊവിനോ തോമസും അടക്കമുള്ളവര്‍ നടിക്ക് പിന്തുണയുമായി എത്തിയിരുന്നു. ധീരത എന്ന് പറഞ്ഞ് കൊണ്ട് പൃഥ്വി നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ ഈ പോസ്റ്റിന് കമന്റായി കുറിച്ചത്. പൃഥ്വിയുടെ പോസ്റ്റിനെ ഗീതു മോഹന്‍ദാസ് അടക്കമുള്ളവര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. നടി മഞ്ജു വാര്യര്‍ ലവ് ഇമോജി നല്‍കിയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്.
അതേസമയം ആക്ടിവിസ്റ്റും അധ്യാപികയുമായ ദീപ നിശാന്തും നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്കു സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രഹരശേഷിയുള്ള ചില വാചകങ്ങളുണ്ട്. മേല്‍ക്കൊടുത്ത വാചകങ്ങള്‍ അത്തരത്തിലുള്ളതാണ്. താന്‍ നേരിടേണ്ടി വന്ന അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണിത്. സൂര്യനെല്ലി'പെണ്‍കുട്ടിയായും വിതുര പെണ്‍കുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെണ്‍കുട്ടികളുടെ തൊണ്ടയില്‍ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകള്‍.
വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ജഡ്ജിമാരുള്ള ഒരു നാട്ടില്‍ പീഡനക്കേസിന്റെ വിചാരണ സ്ത്രീകളെ സംബന്ധിച്ച് അത്ര സുഗമമായിരിക്കില്ല..ജനപ്രതിനിധികളടക്കമുള്ള മനുഷ്യര്‍ സ്വന്തം മനസ്സിലെ അഴുക്കുകള്‍ ചാനല്‍ ചര്‍ച്ചകളില്‍ കുടഞ്ഞിടുന്ന ഒരു കാലത്ത് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന അതിക്രമത്തേക്കാള്‍ ഭീകരമായിരിക്കും മാധ്യമ വിചാരണകളിലും കോടതിമുറികളിലും സൈബറിടത്തിലും അവള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന വെര്‍ബല്‍ റേപ്പുകള്‍.അതിനിടയിലും പതറാതെ അവള്‍ മുന്നോട്ടു പോവുകയാണ്... നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയാണ്. ശരിക്കും വനിതകളുടെ വഴികാട്ടി അവള്‍ തന്നെയാണ്. പ്രിയപ്പെട്ടവളേ അഭിവാദ്യങ്ങള്‍. നീതി ലഭിക്കട്ടെ എന്നാണ് ദീപ നിശാന്ത് കുറിച്ചത്.












Click it and Unblock the Notifications