'മമ്മൂട്ടി ദിലീപിനെ രക്ഷിക്കാന്‍ ഇടപെട്ടു'; പ്രകൃതിയുടെ കൈയ്യൊപ്പ് ഈ കേസിലുണ്ട് എന്ന് ടിബി മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാനിരിക്കെ, വിചാരണ കാലത്ത് നേരിട്ട വെല്ലുവിളികളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദീകരിച്ച് നടിയുടെ അഭിഭാഷക ടിബി മിനി. കേസില്‍ പ്രകൃതിയുടെ ഒരു കൈയ്യൊപ്പ് ഉണ്ട് എന്ന് തനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. ദിലീപ് ഒന്നാം പ്രതിക്കെതിരെ നല്‍കിയ പരാതിയും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വരവുമെല്ലാം ഇതിന്റെ ഭാഗമാമെന്നും അവര്‍ വിശ്വസിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൃത്യത്തില്‍ നേരിട്ട് ബന്ധമുള്ളവര്‍ എന്ന് കണ്ടെത്തി ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ ഇതിലെ ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ദിലീപ് നല്‍കിയ പരാതിയാണ് വീണ്ടും അന്വേഷണത്തിലേക്ക് നയിച്ചത്. ഈ വേളയിലും ചില സംഭവങ്ങളുണ്ടായെന്ന് നാഷന്‍ ഫസ്റ്റ് എന്ന യുട്യൂബ് ചാനലിനോട് വിശദീകരിക്കുകയാണ് ടിബി മിനി.

ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹറക്ക് ഒരു പരാതി നല്‍കിയിരുന്നു. ഒന്നാം പ്രതി ജയിലില്‍ നിന്നും വിളിച്ച് ശല്യപ്പെടുത്തുന്നു എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. ദിലീപിന് കേസില്‍ ബന്ധമുണ്ട് എന്ന സംസാരം പൊതുവേ ഉണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നില്ല. പിന്നീടാണ് ദിലീപിന്റെ പരാതി വരുന്നതും മൂന്ന് ദിവസത്തിനകം അന്വേഷിച്ച് നടപടി എടുക്കണമെന്നും ഡിജിപി കീഴ്ഘടകത്തിന് നിര്‍ദേശം നല്‍കിയതും.
ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ലോക്‌നാഥ് ബെഹറയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമായതും ഈ വേളയിലാണ്. ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമ്പോള്‍ ബെഹറ ഡിജിപി സീറ്റില്‍ ഇല്ലാതായി. ദിലീപിന്റെ പരാതി ഐജിക്ക് ഫോര്‍വേഡ് ചെയ്തു. ഐജി അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
ഈ വേളയില്‍ പള്‍സര്‍ സുനി ചില കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സിസിടിവി പരിശോധിച്ചു. സാധാരണ 60 ദിവസം വരെയാണ് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുക. കൊവിഡ് കാരണം അത് നീക്കാന്‍ വൈകി. നിര്‍ണായക ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അങ്ങനെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആ തെളിവ് വച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ടിബി മിനി പറയുന്നു.
വീണ്ടും അന്വേഷണം, അദൃശ്യ ശക്തിയുടെ ഇടപെടല്‍
പിന്നീടാണ് ബാലചന്ദ്രകുമാര്‍ തെളിവുമായി വന്നതും മുഖ്യമന്ത്രിയെ കണ്ടതും. അവിടെ പരിഗണിക്കപ്പെടാത്തതിനാല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന് അഭിമുഖം കൊടുത്തു. ഇതോടെ വീണ്ടും അന്വേഷണത്തിന് വഴി തെളിഞ്ഞു. അന്ന് ദിലീപിന് വേണ്ടി വാദിച്ച പലരും പിന്നീട് അനുഭവിച്ചു. നടന്‍ സിദ്ദിഖ് മുതല്‍ ഏറ്റവും ഒടുവില്‍ രാഹുല്‍ ഈശ്വര്‍ വരെ എന്തൊക്കെയോ കാരണങ്ങളാല്‍ ജയിലില്‍ കഴിയേണ്ടി വന്നു. പ്രകൃതിയുടെ ഒരു ഇടപെടല്‍ ഇവിടെയെല്ലാം ഉണ്ടെന്ന് പറയാന്‍ കാരണം അതാണെന്നും ടിബി മിനി പറയുന്നു.
ഇടവേള ബാബു, സിദ്ദിഖ് എന്നിവരെല്ലാം ഇരയ്‌ക്കൊപ്പമാണ് എന്നാണ് പറഞ്ഞത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒരാളും ഇരയ്ക്ക് നീതി കിട്ടുന്നതിന് ശ്രമിച്ചില്ല. മമ്മൂട്ടി ഒരു വാക്ക് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ദിലീപിനെ രക്ഷപ്പെടുത്താന്‍ ഇടപെടുകയും ചെയ്തു. അതിനുള്ള തെളിവ് ഞങ്ങളുടെ കൈയ്യിലുണ്ട് എന്നും ടിബി മിനി പറയുന്നു. അവരാരും പ്രതികളല്ല. പക്ഷേ, പ്രകൃതിയില്‍ നിന്ന് എല്ലാവര്‍ക്കും കിട്ടുമെന്നാണ് തന്റെ കാഴ്ചപ്പാട് എന്നും ടിബി മിനി പറയുന്നു.












Click it and Unblock the Notifications