38കാരൻ വലയിലാക്കിയത് 50 സ്ത്രീകളെ, 25കാരി മുതൽ വയോധിക വരെ... സ്വർണവും പണവും തട്ടി മുങ്ങും!!
കൊച്ചി: പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്ന വിവാഹതട്ടിപ്പുവീരൻ കൊച്ചിയിൽ പിടിയിലായി. പുനർ വിവാഹത്തിന് താൽപര്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകി പെൺകുട്ടികളുടെ പണവും സ്വർണവും തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്.
മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശി ബിജു ആന്റണിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 38കാരനായ ബിജുവിന്റെ തട്ടിപ്പിന് 60 വയസോളം പ്രായമുള്ള സ്ത്രീകൾ വരെ ഇരായായിട്ടുണ്ട്.

നിരവധി സ്ത്രീകൾ
25 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള അൻപതോളം സ്ത്രീകൾ ബിജുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായ ഇയാൾ എറണാകുളം വടുതലയിൽ വീടെടുത്ത് താമസിച്ച് ഒരാഴ്ചയ്ക്കകം സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

സിം കാർഡ്
പോലീസിനെ പോലും ഞെട്ടിക്കുന്ന കൃത്യതയോടെയായിരുന്നു ബിജു ഓരോ തട്ടിപ്പും ആസൂത്രണം ചെയ്തത്. അടുപ്പത്തിലാകുന്ന യുവതികളുടെ പേരിൽ ഇയാൾ സിം കാർഡുകൾ എടുത്തിരുന്നു. പിന്നീട് പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനുമെല്ലാം ഈ നമ്പരാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇയാളെ കുടുക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടില്ല.

വിവാഹപരസ്യം
വയനാട്ടിലും ഗുണ്ടൽപേട്ടിലും മാറിമാറി താമസിച്ച് വരികയായിരുന്നു ഇയാൾ. ഇതിനിടെ കൽപറ്റ പോലീസിന്റെ സഹായത്തോടെയാണ് ബിജുവിനെ അറസ്റ്റ് ചെയ്യുന്നത്. പിടിയിലാകുന്നതിന് തലേദിവസവും ബിജു പത്രത്തിൽ വിവാഹപരസ്യം നൽകിയിട്ടുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷവും പരസ്യം കണ്ട് നിരവധി പേർ ഇയാളെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഒന്നിലധികം പേർ
ഒരേ സമയം ഒന്നിലധികം സ്ത്രീകളെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയിരുന്നു. പരാതിക്കാരിയായ സ്ത്രീയോടൊപ്പം എറണാകുളത്ത് താമസിക്കുമ്പോൾ തന്നെ കോട്ടയം സ്വദേശിനിയും വികലാംഗയുമായ യുവതിയിൽ നിന്നും ഇയാൾ 45,000 രൂപ തട്ടിയെടുത്തു. വൈക്കം സ്വദേശിനിയായ മറ്റൊരു സ്ത്രീയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

പല പേരുകൾ
2008 മുതൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പല സ്ത്രീകളോടും ഇയാൾ പല പേരുകളാണ് പറഞ്ഞിരുന്നത്. വൈക്കം സ്വദേശിനിയോട് ജീവൻ എന്നും മലപ്പുറം സ്വദേശിനോട് റഫീഖ് എന്നുമാണ് പരിചയപ്പെടുത്തിയത്.

ചിത്രങ്ങൾ
ഫേസ്ബുക്കിൽ നിന്നും ഇയാളുമായി സാമ്യമുള്ളവരുടെ ചിത്രങ്ങളെടുത്ത് ഇതായിരുന്നു വാട്സാപ്പ് പ്രൊഫൈൽ ചിത്രമായി ഉപോയോഗിച്ചിരുന്നത്. തട്ടിപ്പ് നടത്തി കണ്ടെത്തുന്ന പണം ഇയാൾ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത്.












Click it and Unblock the Notifications