അർജുന്റെ കുടുംബവും മനാഫും തമ്മിൽ കണ്ടുസംസാരിച്ചു; 'തെറ്റിദ്ധാരണകൾ തീർന്നു'
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബവും അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചു. അർജന്റെ കുടുംബവും മനാഫും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകളും പ്രശ്നങ്ങളും പറഞ്ഞുതീർത്തെന്ന് ജിതിനും മനാഫും പറഞ്ഞതായാണ് റിപ്പോർട്ട്.
പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസ്സിലാക്കിയതെന്ന് ജിതിൻ പറഞ്ഞു. തന്നെ വർഗീയ വാദിയായി ചിത്രികരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു. മനാഫ്, സഹോദരൻ മുബീൻ, അർജുന്റെ സഹോദരൻ അഭിജിത്, ജിതിൻ എന്നിവരാണ് സംസാരിച്ചത്. തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. തെറ്റിദ്ധാരണകൾ സംസാരിച്ച് തീർത്തെന്നും മനാഫ് പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ എടുത്ത കേസിൽ ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

സഹിക്കാനാകാത്ത വിധത്തിലുള്ള സൈബർ ആക്രമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ ആക്രമണം നടക്കുന്നു എന്ന് പരാതിയിൽ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ് ഐ ആറിൽ ഉൾപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.
എഫ് ഐ ആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മാനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പോലീസ് അറിയിച്ചിരുന്നു. സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പോലീസ് പരിശോധിച്ചു വരികയാണ്. സോഷ്യൽ മീഡിയയിലെ പ്രചരണം നടത്തിയവരെ പ്രതി ചേർത്തുകൊണ്ടാണ് പോലീസ് കേസെടുത്തത്.
നേരത്തെ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും പറഞ്ഞിരുന്നു. ഇതിനെ പിന്നാലെ വിശദീകരണവുമായി മനാഫും രംഗത്തെത്തി.
വാർത്താ സമ്മേളനം നടത്തി. അർജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പ് പറഞ്ഞു. അർജുന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞിരുന്നു. മത സ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലന്നും പറഞ്ഞു. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും പറഞ്ഞു.












Click it and Unblock the Notifications