'അപകടം പറ്റിയപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു; അന്ന് നടന്ന സംഭവത്തെക്കുറിച്ച് 'ഫൂട്ടേജ്' ഫൈറ്റ് മാസ്റ്റർ
ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിനിമയുടെ സംഘട്ടനം ഒരുക്കിയ ഇർഫാൻ. അപകടം പറ്റിയപ്പോൾ തന്നെ ശീതളിനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും അന്ന് പ്രൊഡക്ഷൻ ടീം ഹൃദ്യമായാണ് ശീതളിനോട് പെരുമാറിയതെന്നും അന്വേഷിച്ചപ്പോൾ അറിഞ്ഞിരന്നുവെന്നും ഇർഫാൻ പറയുന്നു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.
ഫോൺഫൂട്ടേജ് രീതിയിലാണ് ഈ സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നതെന്നും അഭിനേതാക്കളുടെ ശരീരത്തിലാണ് ക്യാമറ ഘടപ്പിക്കുക, കനം കുറഞ്ഞ ക്യാമറ ആണെങ്കിലും സംഘട്ടനം ചെയ്യുമ്പോൾ പരിശീലനം ആവശ്യമാണെന്നും ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്നും ഇർഫാൻ പറഞ്ഞു.

അഭിനേതാക്കളുടെ കൃത്യമായ സമ്മതം ലഭിച്ച ശേഷമാണ് ചിത്രീകരണത്തിലേക്ക് കടന്നത്. പരാതിയിൽ പറഞ്ഞിട്ടുള്ള അപകടം നടന്ന രംഗം നാല് തവണ ഷൂട്ട് ചെയ്തിരുന്നു. ക്യാമറ അഭിനേതാക്കളുടെ ശരീരത്തിൽ നിന്ന് നീങ്ങിയാൽ പോലും ഫ്രെയിം ഔട്ട് ആകുമായിരുന്നു. അതിനാലാണ് കൂടുതൽ ടേക്കുകൾ വേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ ചിത്രീകരണം കാട്ടിലായിരുന്നു. ഏകദേശം ഒരാൾ ഉയരത്തിൽ നിന്നും നടൻ വിശാഖ് നായരും ശീതൾ തമ്പിയും വെള്ളത്തിലേക്ക് ചാടുന്നതായിരുന്നു രംഗം. മൂന്നടി ആഴുമുള്ള വെള്ളക്കെട്ടാണ് തയ്യാറാക്കിയിരുന്നത്. വെള്ളത്തിനിടയിൽ സുരക്ഷയ്ക്കായി ആറ് കിടക്കകൾ തയ്യാറാക്കിയിരുന്നു. ചുറ്റും സഹായികളെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു.
വിശാഖിനെ ആയിരുന്നു റിഗ് ഘടിപ്പിച്ചിരുന്നത്. ശീതൾ വിശാഖിന്റെ കൈപിടിച്ച് ചാടുന്ന വിധത്തിലാണ് ഫൈറ്റ് കൊറിയോഗ്രാഫി. നാലാം തവണ ചാടിയപ്പോഴാണ് വെള്ളത്തിന് താഴെയുള്ള കിടക്കയിൽ നിന്ന് ശീതൾ തെന്നിമാറി പോയത്. കാലിന് വേദനയുമായാണ് ശീതൾ എഴുന്നേറ്റ് വന്നത്.
കിടക്കയില്ലാത്തിടത്തേക്ക് കാൽ കുത്തിപ്പോയി എന്നാണ് പിന്നീട് മനസിലായത്. ആ രംഗം കൃത്യമായി ലഭിച്ചിരുന്നു. സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നു ഇന്നോവ കാറിൽ ശീതളിനെ ആശുപത്രിയിൽ എത്തിച്ചു.
കണങ്കാലിൽ പൊട്ടലുണ്ടായിരുന്നു. പ്രൊഡക്ഷൻ ടീം എല്ലാ കാര്യത്തിലും ഒപ്പം നിന്നുവെന്നാണ് താൻ അന്വേഷിച്ചപ്പോൾ അറിഞ്ഞതെന്നും, അന്ന് ശീതളിനോട് സംസാരിച്ചിരുന്നു. വിവരങ്ങൾ അന്വേഷിച്ചു. പിന്നീട് നേരിട്ട് കണ്ടിട്ടില്ല. അന്നെല്ലാം വളരെ സന്തോഷമായണ് ശീതൾ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് റിലീസ് ദിവസത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉണ്ടായത്. ഇന്ന് ശീതളിനോട് സംസാരിക്കാൻ പറ്റിയിട്ടില്ല. വാർത്ത താനും അറിഞ്ഞുവരുന്നതേയുള്ളുവെന്നും സിനിമയുടെ റിലീസ് തിരക്കുകളിലാണ് മഞ്ജു മഞ്ജുചേച്ചി. അതുകൊണ്ട് പ്രൊഡക്ഷൻ ടീമുമായ് സംസാരിച്ചിട്ടില്ലെന്നും ഇർഫാൻ പറഞ്ഞു.












Click it and Unblock the Notifications