
മഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നു
തിരുവനനന്തപുരം: 'കയറ്റം' എന്ന സിനിമയെ തുടർന്ന് എനിക്കു നേരിടേണ്ടി വന്നിട്ടുള്ള ദുരൂഹമായ ചതി അനുഭവങ്ങളെയും കുറിച്ചു ഞാനെഴുതുമ്പോൾ പലർക്കും അതു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. പലരും കരുതുന്നത് പോലീസ് കെട്ടിച്ചമച്ച കള്ളപ്പരാതിയിലുള്ള പോലെ 'കയറ്റം' സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ മഞ്ജു വാര്യരോട് എന്തോ അപമര്യാദയായി പെരുമാറിയിട്ടുണ്ടാകും എന്നും അതുകൊണ്ടാവും അവർ സിനിമയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നത് എന്നുമാണ്. എന്നാൽ അതു വാസ്തവമല്ലെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.

കയറ്റം സിനിമയുടെ ഷൂട്ടിനിടയിലോ പിന്നീട് എപ്പോഴെങ്കിലുമോ ഞാനും അവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ആകെ പറയാവുന്നത് തിരക്കഥയിലെ ഒരു സീൻ അവർ അഭിനയിക്കാൻ വിസമ്മതിച്ചത് മാത്രമാണ്. അതു ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമായതുമില്ല. പുറത്തറിയുന്ന പോലെ കയറ്റം ഒറ്റ ഷെഡ്യൂളിൽ തീർന്ന ചിത്രമല്ല. അപ്രതീക്ഷിതമായി പെയ്ത മഞ്ഞ് ഷൂട്ടിംഗ് മുടക്കിയതിനാൽ ഹിമാലയത്തിൽ നിന്നും ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

ബാക്കി വന്ന മൂന്നാല് സീനുകൾ ചിത്രീകരിക്കാൻ വീണ്ടും ഹിമാലയത്തിലേക്ക് പോകാമെന്ന് മഞ്ജു വാര്യർ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടും അവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതു വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ആ ഭാഗങ്ങൾ ഷൂട്ട് ചെയ്തത് വാഗമണ്ണിലെ ഒരു കുന്നിൻ മുകളിൽ സെറ്റ് ഇട്ടായിരുന്നു. (സിനിമയിൽ അതു തിരിച്ചറിയാൻ കഴിയില്ല.)
സുരേഷ് ഗോപിയെ തൊട്ടാല്‍ പൊള്ളും: വെട്ടിനിരത്തിയത് ശോഭ സുരേന്ദ്രന് ഉള്‍പ്പടെ മറ്റ് രണ്ടുപേരെ

എന്തുകൊണ്ട് കയറ്റം പുറത്തിറങ്ങുന്നില്ല എന്തുകൊണ്ട് മഞ്ജു വാര്യർ അതേക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലരും മറു ചോദ്യം ചോദിക്കുന്നത് സിനിമ പുറത്തിറങ്ങിയില്ലെങ്കിൽ അതു നിർമാതാവിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിക്കില്ലേ എന്നാണ്. സിനിമ പുറത്തിറക്കാതിരിക്കാൻ നിർമാതാവിന് പണം നൽകാൻ മറ്റേതെങ്കിലും സ്ഥാപിത താല്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നുവെന്നും സനല്‍കുമാർ ശശിധരന്‍ വ്യക്തമാക്കുന്നു,

എന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമമുണ്ട് എന്ന് ഞാൻ പറയുമ്പോൾ അതിന്റെ പിന്നിൽ ആവശ്യമുള്ള വലിയ സാമ്പത്തികത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആരാണ്, എന്തിനാണ് അതു ചെയ്യുന്നത് എന്നും ആരും ചിന്തിക്കുന്നില്ല. എന്നെ കള്ളക്കേസിൽ കുടുക്കി പിടിച്ചുകൊണ്ടു പോയി ഇല്ലാതാക്കാൻ മൂന്ന് പോലീസുകാരും രണ്ട് ഗുണ്ടകളും എറണാകുളത്ത് നിന്നും ഒരു ഇന്നോവ കാറിൽ പാറശാല വന്നത് ആരുടെ ചെലവിലാണ്? എനിക്കെതിരെ നൽകിയത് എന്ന് പറയുന്ന പരാതിയിൽ ഒരു ജൂറിസ്‌ഡിക്ഷനും ഇല്ലാത്ത എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസം തന്നെ തിരുവനന്തപുരത്ത് ഒരു മുന്തിയ ഹോട്ടലിൽ റൂം എടുത്ത് താമസിച്ചിരുന്നു.

ആരാണ് അതിന്റെ ചെലവുകൾ വഹിച്ചത്? നിയമത്തിന്റെ എല്ലാ നിബന്ധനകളെയും കാറ്റിൽ പറത്തിക്കൊണ്ട് ഒരു ബെയിലബിൾ കേസിൽ, പിടികിട്ടാപ്പുള്ളിയെ പോലെ എന്നെ ഒളിച്ചിരുന്ന് വേട്ടയാടാൻ പണം ചെലവാക്കിയത് പോലീസ് ഡിപ്പാർട്ട്മെന്റാണോ? എന്റെ ഫോണുകൾ പോലീസ് പിടിച്ചെടുത്ത ശേഷവും ഇപ്പോഴും നിരന്തരം നുഴഞ്ഞുകയറ്റത്തിന് വിധേയമാകുന്ന എന്റെ സോഷ്യൽ മീഡിയ ഹാക്ക് ചെയ്യാൻ ആരാണ് പണം മുടക്കുന്നത്? എവിടെ നിന്നാണ് അതു ചെയ്യുന്നത്? വസ്തുതകൾ ഞാനെഴുതുമ്പോൾ അതിനടിയിൽ വന്ന് അപഹാസ്യ കമെന്റുകൾ എഴുതുന്ന വ്യാജ പ്രൊഫൈലുകൾക്ക് പിന്നിലെ യഥാർത്ഥ മുഖങ്ങൾ ആരാണ്? വളരെ എളുപ്പത്തിൽ അന്വേഷിച്ച് കണ്ടുപിടിക്കാൻ കഴിയുന്ന കാര്യങ്ങളാണെങ്കിലും ആരും അന്വേഷിക്കില്ല. ഞാൻ കള്ളം പറയുന്നു എന്ന് വിശ്വസിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്നും അദ്ദേഹം കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

കയറ്റം എന്ന സിനിമ നിർമ്മിക്കാൻ മഞ്ജു വാര്യർ തയാറാണെന്ന് പറയുകയും അതിലെ മറ്റുകഥാപാത്രങ്ങൾക്ക് താരമൂല്യമുള്ള ചില ആർട്ടിസ്റ്റുകളുടെ പേരുകൾ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ ഞാൻ ഓർത്തത് അതുവരെയുള്ള എന്റെ സിനിമാ യാത്രയിൽ ഒപ്പം സഞ്ചരിച്ചവരെയാണ്. അധികം അവസരങ്ങൾ കിട്ടിയില്ലെങ്കിലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും എനിക്കൊപ്പം പ്രവർത്തിച്ചവരായിരുന്നു അവർ. ഷാജി മാത്യുവായിരുന്നു തത്വത്തിൽ 'ഒഴിവു ദിവസത്തെ കളി' മുതൽ 'ചോല' വരെയുള്ള സിനിമകളുടെ നിർമാതാവ് എങ്കിലും പണം അയച്ചുതരുന്നതല്ലാതെ അയാൾ ലൊക്കേഷനിൽ വരികയോ പ്രൊഡക്ഷൻ ജോലികൾ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ലെന്നും ഇന്ന് തന്നെ പങ്കുവെച്ച മറ്റൊരു കുറിപ്പില്‍ സനല്‍കുമാർ ശശിധരന്‍ എഴുതുന്നുണ്ട്.

സിനിമയുടെ സങ്കീർണമായ കോർഡിനേഷൻ പരിപാടിയിൽ ശ്രദ്ധ നഷ്ടപ്പെടുത്താതെ ക്രിയേറ്റീവ് ആയി മാത്രം മുഴുകാനുള്ള ഒരവസരം എന്നത് എനിക്കെന്നും ആഗ്രഹമുള്ള കാര്യമായിരുന്നു. അത്തരം ഒരവസരമായിരുന്നു 'കയറ്റം' താൻ നിർമിക്കാം എന്ന മഞ്ജു വാര്യരുടെ ഓഫർ. സ്വസ്ഥമായി സിനിമയെടുക്കാനുള്ള കൊതി എന്നെ ഒരു നിമിഷത്തേക്ക് പിടികൂടിയെങ്കിലും അതുവരെ ഒപ്പമുണ്ടായിരുന്നവരെ വഴിയിൽ കളഞ്ഞു പോവുന്നത് ശരിയല്ല എന്ന ധാർമിക പ്രശ്നം എന്നെ തിരുത്തി. അങ്ങനെ കയറ്റവും എന്റെ പതിവ് മിനിമൽ ശൈലിയിൽ നിർമ്മിക്കപ്പെട്ടു.
'രാഷ്ട്രീയ കുബുദ്ധി ഇല്ലെന്നതാണ് തരൂരിന്റെ അയോഗ്യത: ബിജെപി തരൂരിനെ പിടിക്കാന്‍ ശ്രമിച്ചിട്ടെന്തായി'

കയറ്റത്തിന്റെ ലൊക്കേഷനിൽ ഷാജി മാത്യു ഉണ്ടായിരുന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. പക്ഷേ ആ സിനിമ പൂർത്തിയായതോടെ ഞാനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകൾ മാറുന്നത് ഞാൻ കണ്ടു. എൻറെ സിനിമകളുടെ എഡിറ്റിംഗ്/സൗണ്ട് ഡിസൈൻ ജോലികൾ ചെയ്തിരുന്ന കാഴ്ച-നിവ് ഓഫീസിൽ ദുരൂഹമായ എന്തൊക്കെയോ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മനസിലാക്കിയ ഞാൻ നടത്തിയ അന്വേഷണം ഗുരുതരമായ ചില കുറ്റകൃത്യങ്ങൾ അവിടെ നടന്നിട്ടുണ്ട് എന്ന സംശയത്തിലേക്ക് കൊണ്ടെത്തിച്ചു. ഓഫീസ് പൂട്ടിയിറങ്ങിയ ഞാൻ, ഷാലു എന്ന ട്രാൻസ്‌ജെൻഡറിന്റെ ഇനിയും തെളിയാത്ത കൊലപാതകത്തെ കുറിച്ച് സൂചന നൽകുന്നതുൾപ്പെടെയുള്ള വിശദമായ ഒരു പരാതി ഡിജിപിക്ക് കൊടുത്തെങ്കിലും അന്വേഷണം ഒന്നുമുണ്ടായില്ല.

അതോടെ അതുവരെ അവിടെ എന്നോടൊപ്പമുണ്ടായിരുന്ന ആളുകൾ എനിക്കെതിരെ തിരിഞ്ഞു. എനിക്കെതിരെയുള്ള കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് എന്നോടൊപ്പം പ്രവർത്തിച്ചിരുന്നവരാണ് എന്ന അറിവ് എന്നെ അമ്പരപ്പിച്ചു. എൻറെ ആരോപണങ്ങൾ ഗൗരവമായി എടുക്കരുത് എന്ന ലക്ഷ്യമാവണം എനിക്കു മാനസിക നില തെറ്റിപ്പോയി എന്നുൾപ്പെടെയുള്ള പ്രചരണം അവർ നടത്തുന്നതിന് കാരണം. എൻറെ പരാതികൾ അന്വേഷിച്ചാൽ അവർക്കു പ്രശ്നങ്ങൾ ഉണ്ടാകുമായിരിക്കാം. എന്നാൽ എന്നെ ഏറ്റവും വേദനിപ്പിച്ചതും ഞെട്ടിച്ചതും കയറ്റം പുറത്തിറങ്ങരുത് എന്നുള്ള ശ്രമങ്ങൾക്ക് ഷാജി മാത്യുവും കൂട്ടു നിൽക്കുന്നു എന്ന തിരിച്ചറിവാണ്. എന്ത് സ്വാർത്ഥ താല്പര്യമാണ് അതിനയാളെ പ്രേരിപ്പിക്കുന്നത് എന്നും ആരാണ് അയാൾക്ക് പിന്നിലെന്നും എനിക്കറിയില്ല.

പക്ഷേ ഏത് ചെറുകിട സിനിമകളും പുറത്തിറക്കാനുള്ള നിരവധി സംവിധാനങ്ങൾ നിലവിലുള്ള വർത്തമാനസാഹചര്യത്തിൽ എന്തുകൊണ്ട് ഇത്രയും ചർച്ചാവിഷയമായ 'കയറ്റം' പുറത്തിറങ്ങുന്നില്ല എന്ന ചോദ്യം ഗൗരവമുള്ളതല്ലേ? പലരും കരുതുന്നത് ആ സിനിമ പൂർത്തിയായിട്ടുണ്ടാവില്ല എന്നാണ്. എന്നാൽ സത്യം അതല്ല. 2019 ൽ തന്നെ പൂർത്തിയായ ആ സിനിമ 2020 ൽ ബുസാൻ ചലച്ചിത്രമേളയിൽ 'കിം ജിസ്യൂക്ക് അവാർഡി' നായി മത്സരിച്ചു. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. കേരള ചലച്ചിത്ര അവാർഡിൽ മികച്ച ക്യാമറാമാനും മികച്ച കളറിസ്റ്റിനും ഉള്ള അവാർഡ് നേടി. മഞ്ജു വാര്യർ എന്ന താരസാന്നിധ്യവും ആ സിനിമയെ തിയേറ്ററിൽ എത്തിക്കാൻ സഹായിക്കുന്നില്ല എന്നുതന്നെ വെയ്ക്കുക.

എന്തുകൊണ്ടാണ് എണ്ണിയാലൊടുങ്ങാത്ത ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നിലെങ്കിലും അതു റിലീസ് ചെയ്യാത്തത്? നിരവധി കലാകാരന്മാരുടെ അധ്വാനവും പ്രതിഭയും (ആർക്കും തന്നെ അവരർഹിക്കുന്ന പ്രതിഫലം നൽകിയിട്ടില്ല. എല്ലാവരും ഒരു നല്ല സിനിമയ്ക്ക് വെണ്ടി സൗജന്യമായി എന്ന നിലയിൽ ജോലിചെയ്യുകയായിരുന്നു എന്നതും മറക്കരുത്) വളരെയേറെ പണവും ചെലവഴിച്ചുണ്ടാക്കിയ ഒരു സിനിമയെ ജനങ്ങളിൽ എത്തിക്കാതെ പിടിച്ചു വെയ്ക്കുന്നതിന്റെ പിന്നിലുള്ള കാരണമെന്താണ്? ഒടിടി പ്ലാറ്റുഫോമുകൾക്ക് വേണ്ട എങ്കിൽ യുട്യൂബിൽ റിലീസ് ചെയ്ത് പണം തിരിച്ചു പിടിക്കാൻ പോലും ആലോചന ഉണ്ടാകാത്തതിനു പിന്നിലുള്ള ഗൂഢലക്ഷ്യം എന്താണെന്നും സനല്‍കുമാർ ശശിധരന്‍ ചോദിക്കുന്നു.