മഞ്ജു വാര്യറുടെ ആ ഒറ്റ വാക്ക് ദിലിപീന് വിനയായി: അവർക്ക് എവിടുന്നാണ് ആ വിവരം കിട്ടിയത്: ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയില്‍ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് 'ഈ ആക്രമണത്തിന് പിന്നില്‍ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷന്‍ കൊടുത്തതാണ് ഒരാള്‍. അത് അന്വേഷിക്കണം' എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്. കേസ് വഴിതിരിയുന്നത് അവിടെയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാല്‍ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലയിലായി കാര്യങ്ങള്‍. പിറ്റേന്ന് മുതല്‍ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നില്‍ക്കുമ്പോഴാണ് നമ്മുടെ നായികയുടെ എന്‍ട്രി. ഒടുവില്‍ ഈ നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ മലയാള സിനിമയില്‍ ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി. ഞാന്‍ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളില്‍ വളരെ മാന്യതയോടെ പറഞ്ഞിരുന്നുവെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂ സി സി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്. അതിന്റേയും നേതാവ് ദിലീപിന്റെ മുന്‍ഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി. പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാന്‍ കിട്ടിയ അവസരം ചില മാപ്രകള്‍ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം.
കലാഭവന്‍ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയില്‍ വെച്ചുകൊടുക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതില്‍ ഇടിക്കലായിരുന്നു ഡി വൈ എഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാന്‍ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും. ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുന്‍പത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നുവെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാണിക്കുന്നു.
ഒരു ആള്‍ വീണപ്പോള്‍, അല്ലെങ്കില്‍ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോള്‍ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടന്‍ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടന്‍ കാണാനായി. ദിലീപ് കൊടുത്ത പരാതിയില്‍ ചില സംശയങ്ങള്‍ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടു.
എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് 'ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാന്‍ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്' എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലില്‍ കഴിഞ്ഞപ്പോള്‍ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോള്‍ ഒരു പെണ്‍ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോള്‍ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാന്‍ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications