മാന്നാർ കൊലപാതകം: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മകൻ; 'ടെൻഷനടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞു'
ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ പ്രതികരണവുമായി മരിച്ച കലയുടെ മകൻ. അമ്മ കൊല്ലപ്പെട്ടതായി കരുതുന്നില്ലെന്നാണ് കലയുടെ മകൻ പറയുന്നത്. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ചുകൊണ്ട് വരുമെന്നാണ് വിശ്വാസമെന്നും ടെൻഷൻ അടിക്കേണ്ടതില്ലെന്ന് അച്ഛൻ പറഞ്ഞുവെന്നും മകൻ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പോലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായും കലയുടെ മകൻ പറയുന്നു.
അതേ സമയം, കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണമെന്നാണ് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽ കുമാർ പറഞ്ഞത്. ഇന്നലെ നടന്നത് വിശ്വസിക്കാൻ പോലും ആകാത്ത കാര്യമാണെന്നും അറസ്റ്റിലായവരുടെ പെരുമാറ്റത്തിൽ ഒരു സംശയവും തോന്നിയിട്ടില്ലെന്നും ഓട്ടോ ഡ്രൈവറായ അനിൽ കുമാർ പറഞ്ഞു.

' പിടയിലായവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അർഹമായ ശിക്ഷ കിട്ടണം. സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ഇപ്പോഴും നിൽക്കുന്നത്. കലയെ പലയിടത്തും വെച്ച് കണ്ടിരുന്നതായി ആളുകൾ പറഞ്ഞിരുന്നു. അനിലിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിനാലാണ് കലയുടെ തിരോധാനത്തെ സംബന്ധിച്ച് അന്ന് കേസ് നൽകാതിരുന്നത്' അദ്ദേഹം പറയുന്നു. അനിലും ബന്ധുക്കളും ഇത്തരത്തിൽ ഒരു കൃത്യം ചെയ്തെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അനിലിന്റെ ബന്ധുക്കൾ കലയെ കൊല്ലാൻ മുമ്പ് ശ്രമം നടത്തിയിരുന്നതായി അറിയില്ല. അനിലുമായി കലയ്ക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല, അനിൽ കുമാർ പറയുന്നു.
മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണ് എന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്. കലയെ കൊലപ്പെടുത്തിയത് ഇവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി എന്നാണ് കേസ്.
ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ പ്രമോദ് എന്നിവർ യഥാ ക്രമം 2, 3, 4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ് ഐ ആറിൽ പറയുന്നില്ല.












Click it and Unblock the Notifications