പല കോണ്‍ഗ്രസ് നേതാക്കളുടേയും ഇസ്രയേൽ അനുകൂല നിലപാട് ഞെട്ടിക്കുന്നത്, ലീഗിന് അഭിനന്ദനം : വികെ സനോജ്
തിരുവനന്തപുരം: സ്വതന്ത്ര പാലസ്തീന് വേണ്ടി വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ലോകത്താകമാനമുള്ള കമ്യൂണിസ്റ്റുകാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. എന്നാൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലസ്തീൻ വിഷയത്തിൽ അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന അധിനിവേശവും ക്രൂരതകളുമൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പെരുമാറുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു. വികെ സനോജിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
സി.പി.ഐ.എമ്മിന്റെ ഫലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചപ്പോൾ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായത് കൊണ്ട് സി.പി.ഐ.(എം) പരിപാടിയിൽ പങ്കെടുക്കാൻ ലീഗിന് സാങ്കേതികമായ പ്രയാസമുണ്ടെന്ന് അറിയിക്കുകയും പരിപാടിക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു. അപ്പോഴും പരിപാടിയിൽ പങ്കെടുക്കണമെന്ന വ്യക്തിപരമായ ആഗ്രഹം ബഹുമാനപ്പെട്ട ഇ.ടി മുഹമ്മദ് ബഷീർ തുറന്ന് പറയുകയും ചെയ്തു.

പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് കലവറയില്ലാതെ പിന്തുണ നൽകുക എന്നതും, സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന സിയോണിസ്റ്റ് ക്രൂരതകൾ അവസാനിപ്പിക്കാൻ പൊതു പിന്തുണ തേടുക എന്നതും മനുഷ്യ പക്ഷത്ത് നിൽക്കുന്ന ഏതോരാളും സ്വീകരിക്കേണ്ട പ്രാഥമിക മൂല്യമാണ്. സ്വതന്ത്ര പാലസ്തീന് വേണ്ടി വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ലോകത്താകമാനമുള്ള കമ്യൂണിസ്റ്റുകാർ.
സി.പി.ഐ.(എം) പാലസ്തീൻ ജനതയുടെ വിമോചന പോരാട്ടങ്ങളുടെ കൂടെ നിന്ന് എന്നും അവരുടെ ശബ്ദമായ ചരിത്രമാണുള്ളത്. ഡി.വൈ.എഫ്.ഐയും പുരോഗമന സംഘടനകളും നിരന്തരം പരിപാടികൾ സംഘടിപ്പിക്കുന്നു. എന്നാൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലസ്തീൻ വിഷയത്തിൽ അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യ തുടർന്ന് പോന്ന പാലസ്തീൻ അനുകൂല നിലപാടിൽ നിന്ന് വ്യതിചലിച്ച് ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച ബിജെപി ഗവണ്മെന്റിനെതിരെ കാര്യമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ കോൺഗ്രസിന് ആവുന്നില്ല എന്ന് മാത്രമല്ല, അവരുടെ പല നേതാക്കളും ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയും നാം കാണുകയുണ്ടായി.
ഇന്നലെ മീഡിയ വൺ ചാനലിൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഞാൻ പറയാൻ ശ്രമിച്ച കാര്യവും അതാണ്. ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന അധിനിവേശവും ക്രൂരതകളുമൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
ഷാഫി പറമ്പിൽ അടക്കമുള്ള മുൻനിര യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയാ വാളുകളിൽ എവിടെയും പാലസ്തീനെ കുറിച്ചുള്ള പോസ്റ്റുകളോ അവർ നടത്തിയ പരിപാടികളോ ഒന്നുമില്ല. പോസ്റ്റുകളുള്ള അപൂർവ്വം ചില കോൺഗ്രസ് നേതാക്കൾ പോലും ലീഗിന്റെ പരിപാടി ഷെയർ ചെയ്യേണ്ട അവസ്ഥയിലാണുള്ളത്.
സ്വന്തമായി കൊള്ളാവുന്ന ഒരു പാലസ്തീൻ ഐക്യദാർഢ്യ പരിപാടി പോലും നടത്താൻ സാധിക്കാതെ ശുഷ്കമായ അവസ്ഥയിലാണോ കേരളത്തിലെ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് സംവിധാനം? കോൺഗ്രസിന്റെയും അവരുടെ പോഷക സംഘടനകളുടെയും ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകളുടെയും സോഷ്യൽ മീഡിയ പേജുകൾ മാത്രം പരിശോധിച്ചാൽ മതി ഫലസ്തീൻ വിഷയത്തിൽ രണ്ട് പേരുടെയും നിലപാടിലെ ദൃഢത മനസിലാക്കാൻ.
കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് മെല്ലെപ്പോക്ക് സമീപനത്തിൽ മുസ്ലീം ലീഗിന് അസംതൃപ്തിയും പ്രതിഷേധവുമുണ്ട്. വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ പിന്തിരിപ്പൻ നിലപാടും ലീഗ് അതിനോട് പ്രതികരിച്ച മറുപടിയും അത് അടിവരയിടുന്നതുമാണ്. അതിൽ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട് ശരിയുമാണ്.
ബഹുമാനപ്പെട്ട ഫസൽ ഗഫൂർ ഫലസ്തീൻ അടക്കമുള്ള ന്യൂനപക്ഷ സംബന്ധിയായ വിഷയങ്ങളിൽ സി.പി.ഐ.(എം) സ്വീകരിക്കുന്ന സ്‌തൈര്യവും സ്ഥിരതയുള്ള നിലപാടിനെ ശ്ലാഖിക്കുകയും ഈ കാര്യത്തിൽ സി.പി.ഐ.എമ്മിനോളം വിശ്വസിക്കാൻ പറ്റിയ മറ്റൊരു കക്ഷി ഇല്ലെന്നും തുറന്ന് പറയുകയുമുണ്ടായി. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ കാണുന്ന മനുഷ്യർക്ക് അങ്ങനെ മാത്രമേ പറയാനും സാധിക്കുകയുള്ളൂ. കോൺഗ്രസിനോട് അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കുന്ന ഇത്തരം മനുഷ്യർക്ക് പോലും കോൺഗ്രസിനെ അവിശ്വസിക്കേണ്ടി വരുന്നത് വോട്ട് ബാങ്ക് നഷ്ടപ്പെടുത്താതിരിക്കാനായി കോൺഗ്രസ് സ്വീകരിക്കുന്ന ഈ അഴകൊഴമ്പൻ നിലപാട് കാരണമാണ്.
വോട്ട് ബാങ്ക് പേടി മാറ്റി നിർത്തിക്കൊണ്ട് രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എന്ന നിലയിൽ കോൺഗ്രസും യൂത്ത് കോൺഗ്രസുമൊക്കെ കൂടുതൽ ശക്തമായ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുമായി മുന്നോട്ട് വരണമെന്ന് പറയാൻ കോൺഗ്രസിൽ ആരേലും ഉണ്ടോ ബാക്കി ?












Click it and Unblock the Notifications