സിനിമ ഷൂട്ടിങിനിടെ 17കാരിയെ പീഡിപ്പിച്ചോ? വിശദീകരണവുമായി രേവതി, അന്ന് രാത്രി സംഭവിച്ചത് ഇതാണ്
കൊച്ചി: മലയാള സിനിമയ്ക്ക് പിന്നിലെ അശ്ലീലതകള്‍ നിറഞ്ഞ സംഭവങ്ങള്‍ കൂടുതല്‍ പുറത്തുവരികയാണ്. പ്രമുഖ താരങ്ങളെ വരെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യപ്പെടുത്തിയത്. 17കാരിക്കെതിരെ നടന്ന നീക്കവും നടി രേവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 17കാരിയെ പീഡിപ്പിച്ചുവെന്ന് പ്രചാരണമുണ്ടായതോടെ രേവതി വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തി. എന്താണ് അന്ന് നടന്നതെന്ന് അവര്‍ വിശദമാക്കി. രേവതിയുടെ പ്രതികരണം ഇങ്ങനെ...

വര്‍ഷങ്ങള്‍ക്ക് മുമ്പ്
മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയതും നിലാടുകള്‍ വ്യക്തമാക്കിയതും. വാര്‍ത്താ സമ്മേളനത്തിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദുരനുഭവം നടി രേവതി പറഞ്ഞത്. ഒരു 17കാരി ഭയന്ന് ഓടിയെത്തി വാതിലില്‍ മുട്ടിയെന്നായിരുന്നു രേവതി പറഞ്ഞത്.

രേവതിക്കെതിരെ പരാതി
ഈ വെളിപ്പെടുത്തല്‍ നടി രേവതിക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി പോലീസില്‍ ഒരു പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമ ഷൂട്ടിങ് നടന്ന ദിവസങ്ങളിലുണ്ടായ സംഭവം ഇത്രയും കാലം മറച്ചുവച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ജിസാസ് ജമാലാണ് പരാതിക്കാരന്‍.

പീഡനം നടന്നിട്ടില്ല
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും സംഭവം ഇത്രയും കാലം മൂടിവച്ച രേവതിക്കെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാല്‍ തൊട്ടുപിന്നാലെ രേവതി വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്ന് രേവതി വ്യക്തമാക്കി.

അന്ന് നടന്നത് ഇതാണ്
17 വയസായ പെണ്‍കുട്ടി രാത്രി തന്റെ വാതിലില്‍ മുട്ടിവിളിച്ചു. ചേച്ചി എന്നെ രക്ഷിക്കണം എന്ന് പറയുകയായിരുന്നു. 25 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്. രാത്രി 11.30ഓടെയാണ് പെണ്‍കുട്ടി തന്റെ വാതിലില്‍ മുട്ടിവിളിച്ചതെന്നും രേവതി വാര്‍ത്താകുറിപ്പില്‍ വിശദമാക്കി.

രാത്രി മുഴുവന്‍ കൂടെ
ഭയന്നാണ് പെണ്‍കുട്ടി ഓടിവന്നത്. തന്റെ മുറി ആരോ തുറക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി തന്നോട് പറഞ്ഞത്. ഭയന്ന പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ എന്റെ മുറിയില്‍ താമസിപ്പിച്ചു. പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമവും ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ലെന്നും രേവതി വിശദമാക്കി. വാര്‍ത്താസമ്മേളനത്തിനിടെ സാന്ദര്‍ഭികമായി സംഭവം സൂചിപ്പിക്കുകയാണ് രേവതി ചെയ്തത്.












Click it and Unblock the Notifications