മീഡിയവണ്‍ വിലക്ക്: അടിയന്തരിമായി പരിഗണിക്കണമെന്ന് ദുഷ്യന്ത് ദവെ; ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ഹര്‍ജി ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. വിലക്കിനെതിരായ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതോടായാണ് വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
മീഡിയ വണ്‍ ചാനല്‍ 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതെന്നും എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ ഫയലുകളില്‍ എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ചാനല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയതെന്ന് ദുഷ്യന്ത് ദവെ വിശദീകരിച്ചു.

കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയെന്നും ദുഷ്യന്ത് ദാവെ കൂട്ടിച്ചേര്‍ത്തു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും വ്യാഴാഴ്ച ഹാജരാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് എന്നിവര്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് രണ്ടിനാണ് തള്ളിയത്. അന്ന് തന്നെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.
Recommended Video


അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ 19 (1) വകുപ്പിന് കീഴിലുള്ള അതിന്റെ പരിധിക്കും ഊന്നല്‍ നല്‍കിയായിരുന്നു ദുഷ്യന്ത് ദവെ ഹൈക്കോടതിയില്‍ വാദിച്ചത്. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നും വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ചിനും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും ദുഷന്ത്യ ദവെ ചൂണ്ടിക്കാട്ടിയിരുന്നു. ദേശ സുരക്ഷയാണ് പ്രശ്നമെങ്കില്‍ വിലക്കിന് ഒരാഴ്ച മുന്‍പ് വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദിച്ചിരുന്നു.

എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹൈക്കോടകിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഓപ്പണ്‍ കോര്‍ട്ടില്‍ പറയാന്‍ സാധിക്കില്ലെന്നും വിശദ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്നുമായിരുന്നു അമന്‍ ലേഖി പറഞ്ഞിരുന്നത്.












Click it and Unblock the Notifications