സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജിആർ അനിൽ കുമാർ
ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ നാളെ പൂർത്തിയാക്കും. സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ് ശനിയാഴ്ച 7.45 വരെ 62,018 എ.എ.വൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റി.
മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്‌സ്, റെയ്ഡ്‌കോ (RAIDCO) തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഴുവൻ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഓണം ഫെയറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വരെ 4.40 കോടി രൂപയുടെ വിറ്റവരവ് ജില്ലാ ഫെയറുകളിൽ ഉണ്ടായിട്ടുണ്ട്. ഈ മാസം 72.46 ലക്ഷം റേഷൻ കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2022-23 സീസണിൽ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂർത്തിയാക്കും. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 738 കോടി സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി വിവിധ ബാങ്കുകളുടെ കൺസോർഷ്യം വഴി പി.ആർ.എസ് ലോണായും നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്നും കിട്ടിയ 180 കോടി രൂപയിൽ 72 കോടി രൂപ 50000 രൂപയിൽ താഴെ കുടിശികയുണ്ടായിരുന്ന 26,548 കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തു.
അൻപതിനായിരം രൂപയ്ക്ക് മുകളിൽ കുടിശിക നൽകാനുണ്ടായിരുന്ന 27,791 കർഷകരുടെ കുടിശിക തുകയിൽ 7.80 രൂപ നിരക്കിൽ സംസ്ഥാന പ്രോത്സാഹന ബോണസ്, 12 പൈസ നിരക്കിൽ കൈകാര്യ ചിലവ് എന്നിവ ഉൾപ്പെടെ കിലോയ്ക്ക് 7.92 രൂപ നിരക്കിലുള്ള തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിക്കഴിഞ്ഞു. ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പി.ആർ.എസ് ലോണായി നൽകുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചു. ഇതുവരെ ആകെ 3795 കർഷകർക്ക് 35.45 കോടി രൂപ പി.ആർ.എസ് ലോണായി വിതരണം ചെയ്തു.












Click it and Unblock the Notifications