ദളിത് യുവതിയുടെ ആത്മഹത്യാശ്രമം ബാലിശം: ആത്മഹത്യയെ അനുകൂലിക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ...
കൊച്ചി: തലശ്ശേരിയിയില്‍ സിപിഎം നേതാക്കള്‍ നടത്തിയ വ്യക്തിപരമായ അധിഷേപത്തില്‍ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ദളിത് പെണ്‍കുട്ടിക്കെതിരെ മന്ത്രി കെകെ ശൈലജ ടീച്ചര്‍. കുട്ടാമാക്കൂലില്‍ അഞ്ജന എന്ന ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. യുവതിയുടെ ശ്രമം വെറും ബാലിശമാണ്. ആര് ആത്മഹത്യയ്ക്കു ശ്രമിച്ചാലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ആത്മഹത്യക്ക് ശ്രമിച്ചതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പെണ്‍കുട്ടികള്‍ ബോള്‍ഡും മനോ ധൈര്യമുള്ളവരുമായിരിക്കണമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ പറ്റി മന്ത്രി പ്രതികരിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ തലവേദനയുണ്ടാക്കിയ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണവും വിവാദമായിരിക്കുകയാണ്.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ന്യായീകരിച്ചു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫിസിനുള്ളില്‍ നടന്ന കാര്യമായതിനാലാണ് ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പറയാതിരുന്നത്. എന്ത് അഭിപ്രായം പറഞ്ഞാലും അതില്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. അതിനാല്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കരുതി.
വിഷയത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പോലീസിനോട് ചോദിക്കൂ എന്നുമുള്ള പ്രതികരണം വിവാദമാക്കുകയായിരുന്നു. പൊലീസിനോട് ചോദിക്കു എന്ന് പറഞ്ഞത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല എന്നതിന്റെ തെളിവ് തന്നെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇതും വിവാദമാക്കിയെന്നും ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി.
ദളിത് യുവതി അത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സിപിഎം എംഎല്‍എ എഎന്‍ ഷംസീറിനും ഡിവൈഎഫ്‌ഐ നേതാവ് പിപി ദിവ്യക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തിരുന്നു. സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ എഎന്‍ ഷംസീറും പിപി ദിവ്യയും യുവതിക്കെതിരെ മോശം പരാമര്‍ശം നടത്തി, ഇതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications