മഴ മാറിയാല്‍ റോഡുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; പാലം അപകടം അന്വേഷിക്കും
തിരുവനന്തപുരം: മഴ മാറിക്കഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനകം റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിശ്ചിത ഇടവേളകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന തുടരണം. ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പോലെ വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റികള്‍ക്ക് റോഡ് കൈമാറിയാല്‍ അക്കാര്യം കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ആലപ്പുഴയില്‍ നിര്‍മാണത്തിനിടെ കീച്ചേരിക്കടവ് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ മന്ത്രി ചുമതലപ്പെടുത്തി. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചിരുന്നു. മറ്റൊരു തൊഴിലാളിയെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് പരിപാലനത്തിനുള്ള റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. സംസ്ഥാനത്ത് 90 ശതമാനം റോഡുകളും റണ്ണിങ് കോണ്‍ട്രാക്ടിലൂടെ നല്ല നിലയില്‍ പരിപാലിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു. മഴക്കാലത്ത് ചില റോഡുകളില്‍ ഉണ്ടാകുന്ന കുഴികള്‍ താത്കാലികമായെങ്കിലും അടച്ചു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല. റോഡുകളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന നിലവില്‍ നടത്തുന്നതുപോലെ തന്നെ തുടരണം. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി തലം വരെ ദൈനംദിനമായി വിലയിരുത്തണം.
മഴ മാറിക്കഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനകം തന്നെ സ്ഥിരം സ്വഭാവത്തിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണം. നിശ്ചിത ഇടവേളകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന തുടരണം. ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പോലെ വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റികള്‍ക്ക് റോഡ് കൈമാറിയാല്‍ അക്കാര്യം കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു ഐഎഎസ്, ചീഫ് എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications