കൊവിഡ് വ്യാപനം: കോളേജുകള്‍ അടക്കാന്‍ സാധ്യത, അന്തിമ തീരുമാനം അവലോകന യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകള്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഒമൈക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതലും. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തില്‍ ഇന്ന് 63 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.

തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്. അതേസമയം, ഇന്ന് കേരളത്തില്‍ 28,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.












Click it and Unblock the Notifications