സംസ്ഥാന ഭാഗ്യക്കുറി അടിമുടി മാറുന്നു! സമ്മാനങ്ങളുടെ എണ്ണം കൂടും... സമ്മാനത്തുകയും...
എംഎൽഎ വിഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് തോമസ് ഐസക്ക് സമ്മാനഘടനയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികൾക്ക് സന്തോഷ വാർത്ത. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയിൽ അടിമുടി മാറ്റം വരുന്നു. സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന മേയ് മാസത്തോടെ സമൂലമായി പരിഷ്കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. തിങ്കളാഴ്ച നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എംഎൽഎ വിഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് തോമസ് ഐസക്ക് സമ്മാനഘടനയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്. സമ്മാനങ്ങളുടെ എണ്ണം നിലവിലുള്ളതിനെക്കാൾ വർദ്ധിപ്പിക്കും. മുകളിലുള്ള സമ്മാനത്തുകയും ലോട്ടറി വകുപ്പിലെ ജീവനക്കാരുടെ എണ്ണവും കൂട്ടും. എന്നാൽ ലോട്ടറി വിൽപ്പനക്കാരുടെ ഡിസ്കൗണ്ട് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഡിസ്കൗണ്ട് വർദ്ധിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സർക്കാരിന് അതിനോട് യോജിപ്പില്ല. ലോട്ടറിയിൽ നിന്ന് സർക്കാരിന് ലഭിച്ചിരുന്ന ലാഭവിഹിതം കുത്തനെ കുറഞ്ഞതായും മന്ത്രി പറഞ്ഞു. നേരത്തെ 22% ലാഭവിഹിതം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 16% മാത്രമേ ലഭിക്കുന്നുള്ളു. ചെറിയ സമ്മാനങ്ങൾ കുറഞ്ഞത് കാരണം ചെറുകിട വിൽപ്പനക്കാർക്ക് ഇരുപത് ശതമാനം ടിക്കറ്റുകൾ വിൽക്കാൻ കഴിയുന്നില്ലെന്നാണ് വിഡി സതീശൻ സബ്മിഷനിലൂടെ ഉന്നയിച്ചത്.












Click it and Unblock the Notifications