ന്യൂനപക്ഷ സ്കോളർഷിപ്പ്: സിപിഎം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം, കരുതലോടെ സർക്കാർ
സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണെന്നെതും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നതുമാണ് സിപിഎമ്മിനെയും സർക്കാരിനെയും ഒരേപോലെ അലട്ടുന്നത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം ആദ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി. വിഷയത്തെ വർഗീയ ധ്രൂവീകരണത്തിനും രാഷ്ട്രീയ ആയുധമായും ഉപയോഗിച്ചു തുടങ്ങിയതിനാൽ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണെന്നെതും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നതുമാണ് സിപിഎമ്മിനെയും സർക്കാരിനെയും ഒരേപോലെ അലട്ടുന്നത്.

എന്താണ് കോടതി വിധി
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത സംസ്ഥാന സർക്കാറിന്റെ ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്. കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

എന്ത് നടപടിയെടുത്താലും പ്രശ്നം
രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം ഏതെങ്കിലും ഒരു വിഭാഗത്തെ തങ്ങൾക്കെതിരാക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനും ഇടത് മുന്നണിക്കുമുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരം വിധി നടപാക്കിയിൽ നേരത്തെ മുസ്ലിം വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന 80 ശതമാനത്തിൽ നിന്നും വീണ്ടും കുറയും. ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഇതിനോടകം തന്നെ വിധിയെ ശക്തമായി എതിർത്ത് മുസ്ലിം വിഭാഗവും സ്വാഗതം ചെയ്ത് ക്രിസ്ത്യൻ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്ത് നടപടിയെടുത്താലും ഒരു വിഭാഗം സർക്കാരിനെതിരാകും.

നിർണായകം
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ തന്നെ വിമർശനമുയർന്നിരുന്നു. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സമ്മർദ്ദ ഫലമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രണ്ടാം സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതെന്നാണ് ആക്ഷേപം. ഇതിനെതിരെ മുസ്ലിം ലീഗ് അടക്കം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാണ്.

MS 4
അതേസമയം വിധിയിൽ പരസ്യ നിലപാടെടുത്തിരിക്കുകയാണ് മന്ത്രി എം.വി ഗോവിന്ദൻ. ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ പറഞ്ഞത്. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകും. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

എതിർത്ത് എം.എ ബേബി
എന്നാൽ മന്ത്രിയുടെ നിലപാടിനെ തള്ളുകയാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മതന്യൂനപക്ഷങ്ങൾക്കു തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ് മുസ്‌ലിംകൾക്കു കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റാണ്. മുസ്‍ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാർശകൾ നടപ്പാക്കിയപ്പോൾ യുഡിഎഫ് സർക്കാർ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികൾക്കു കൂടി നൽകുകയാണു ചെയ്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉചിതമായ പരിഹാരം കാണും
"കേരളത്തിൽ മുന്നാക്ക-പിന്നാക്ക വിഭാഗങ്ങൾക്കു വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ, ഒരു സ്കോളർഷിപ്പിന്റെ പേരിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാൽപര്യത്തിന് എതിരു നിൽക്കുന്നവരാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾക്ക് ഇടതു സർക്കാർ ഉചിതമായ പരിഹാരം കാണും." അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ രണ്ട് മുൻ സിപിഎം മന്ത്രിമാരുടെ വ്യത്യസ്ത പ്രതികരണങ്ങൾ വന്നു എന്നതും ചർച്ചയായിട്ടുണ്ട്.

പഠിച്ചിട്ട് മാത്രം തീരുമാനം
അതീവ ജാഗ്രതയോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചിരിക്കുന്നത്. തന്റെ തന്നെ വകുപ്പിന് കീഴിൽ വരുന്ന വിഷയം എന്ന നിലയിൽ ന്യൂനപക്ഷ വിഭാഗങ്ങളെ കാര്യങ്ങൾ മനസിലാക്കി കൊടുക്കേണടതുണ്ട്. ദശാബ്ദങ്ങളായി നിലനിൽക്കുന്നതും മാറിവന്ന സർക്കാരുകൾ നടപ്പാക്കിയതുമായ കാര്യമാണിത്. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.വി ഗോവിന്ദന്റെ പ്രതികരണം ഹൈക്കോടതി വിധിയോടുള്ള ബഹുമാനം കൊണ്ടാണെന്നും മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

യുഡിഎഫും രണ്ട് തട്ടിൽ
ഇത് സംബന്ധിച്ച് എൽഡിഎഫും യുഡിഎഫും രണ്ട് തട്ടിലാണ്. അതിലും അപ്പുറം യുഡിഎഫിലെ ഘടകക്ഷികളും പലതട്ടിലാണ്. കോടതി വിധിയ്ക്കെതിരെ മുസ്ലീം ലീഗ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കോടതി വിധിയെ പിന്തുണയ്ക്കുന്നു എന്നാണ് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

വിധി നടപ്പാക്കണമെന്ന് ബിജെപി
എന്നാൽ ബിജെപി വിധി നടപ്പാക്കണമെന്ന് ഇതിനോടകം തന്നെ പല തവണ ആവർത്തിച്ച് കഴിഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണാനില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു.












Click it and Unblock the Notifications