പിണറായിക്ക് പിഴച്ചതെവിടെ; എല്ലാം ശരിയായോ? ഇല്ലെന്ന് തന്നെ പറയാം
തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാറിന് എവിടെയാണ് പിഴച്ചത്? മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എംകെ ദാമോദരനെ നിയമിച്ചതിലാണോ പിണറായി സര്‍ക്കാറിന് തെറ്റിയത്. എംകെ ദാമോദരനെ നിയമോപദേശകനായി നിയമിച്ചതിലല്ല പിണറായിക്ക് എല്ലാം ശരിയാക്കാന്‍ പറ്റാത്തതിനുള്ള ഒന്നാമത്തെ കാരണം. അതേസമയം സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ഹാജരാകുന്നത് വിലക്കാതിരുന്നതിലാണ്.
വിജിലന്‍സ്- ക്രിമിനല്‍ കേസുകളില്‍ പ്രതികളും ഗുരുതര ആരോപണങ്ങളില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടവരുമായ ഐപിഎസ് ഉദ്യോഗസ്ഥരെ തന്ത്ര പ്രധാന തസ്തികകളില്‍ നിയമിച്ചതാണ് എല്ലാം ശരിയാക്കുന്നവരുടെ രണ്ടാമത്തെ തെറ്റ്. അഴിമതി ദൂര്‍ഗന്ധം ഇനിയും സഹിക്കണോ നമ്മള്‍ വരട്ടെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് അധികാര കസേരയില്‍ കയറി ഇരുന്നവര്‍ എന്താണ് ശരിയാക്കിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്.

വിലക്കിയില്ല
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എംകെ ദാമോദരനെ നിയമിച്ചതിലല്ല, സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ഹാജരാകുന്നത് വിലക്കാതിരുന്നതാണ് പിണറായിക്ക് പറ്റിയ പിഴവ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

തുടക്കം
സിപിഎം നേതാക്കള്‍ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍. മാര്‍ട്ടിനുവേണ്ടി കോടതിയില്‍ ഹാജരായ എംകെ ദാമോദരന്റെ നടപടി തുടക്കം മാത്രമായിരുന്നു.

വെല്ലുവിളി
ലോട്ടറി കേസിലെ കക്ഷി കേരള സര്‍ക്കാറല്ല കേന്ദ്ര സര്‍ക്കാറാണ് അതുകൊണ്ട് തന്നെ സിപിഎം ഒന്ന് കണ്ണടച്ചിരുന്നതാവാം. പിന്നീട് ക്വാറി ഉടമകള്‍ക്ക് വേണ്ടിയും കശുവണ്ടി കേസിലെ പ്രതിക്ക് വേണ്ടിയും എംകെ ദാമോദരന്‍ ഹാജരാകാന്‍ പോകുന്നത് അഴിമതിക്കെതിരെ ഇടത് മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പ്രതികള്‍ തന്ത്രപ്രധാന തസ്തികകളില്‍
കോപ്പിയടി കേസിലും കൈക്കൂലി കേസിലും കൊലക്കേസിലും വരെ പ്രതിപട്ടികകളില്‍ ഇടം നേടിയ ഉദ്യോഗസ്ഥരെ തന്ത്ര പ്രധാന തസ്തികകളില്‍ നിയമിച്ചു എന്നത് പിണറായി സര്‍ക്കാറിന്റെ ഏറ്റവും വലിയ പോരായ്മയാണ്.

ടിജെ ജോസ്
കോപ്പി അടി വിവാദത്തില്‍ കുടുങ്ങിയ പോലീസ് ഓഫീസറാണ് ഐജി ടിജെ ജോസ്. എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചു എന്നതാണ് വിവാദത്തിന് കാരണമായത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച കടലാസ് ഇന്‍വിജിലേറ്റര്‍ക്കു നല്‍കാതിരിക്കുകയും ചെയ്തു. കോപ്പിയടി പിടികൂടിയ പരീക്ഷ കൂടാതെ, നേരത്തേ എഴുതിയ രണ്ടു പരീക്ഷകളിലും ഐജി ടി ജെ ജോസ് കോപ്പിയടിച്ചതായി അന്വേഷണം നടത്തിയ ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. തുണ്ടുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് തൂവാലയില്‍ പൊതിഞ്ഞാണു പരീക്ഷാ ഹാളിലേക്ക് കൊണ്ട് പോയത്. ആദ്യ രണ്ടു പരീക്ഷകളിലും ഇന്‍വിജിലേറ്റര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. സമ്മതിക്കാതെ ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് സസ്‌പെന്‍ഷനിലായ ടിജെ ജോസിനെ യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് തിരിച്ചെടുത്തത്. എന്നാല്‍ എല്ലാം ശരിയാക്കുന്നവര്‍ വന്നപ്പോഴും ടിജെ ജോസ് ഇപ്പോഴും ഐജി കസേരയില്‍ തന്നെ ഇരിക്കുന്നു.

രാഹുല്‍ ആര്‍ നായര്‍
പത്തനംതിട്ട എസ്പി ആയിരിക്കെ ക്വാറി ഉടമകളില്‍ നിന്നും കൈകൂലി വാങ്ങിയെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനായിരുന്നു രാഹുല്‍ ആര്‍ നായര്‍. സസ്‌പെന്റ് ചെയ്യുമ്പോള്‍ എംഎസ്പി കമാന്‍ഡറായിരുന്നു രാഹുല്‍ ആര്‍ നായര്‍. പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴും രാഹുല്‍ ആര്‍ നായര്‍ സുപ്രധാന പ്രധാനമായ തസ്തികയില്‍ തന്നെയുണ്ട്.

ഐജി ശ്രീജിത്ത്
വിജിലന്‍സ് കേസില്‍ പ്രതിയും നേരത്തെ സര്‍വ്വീസില്‍ നിനിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനുമാണ് ശ്രീജിത്ത്. മലപ്പുറം എംഎസ്പി കമാന്‍ഡന്റ് ആയിരിക്കെ പൊലീസുകാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച ബിഎഡ് സീറ്റില്‍ കൃതൃമം കാട്ടിയത്, കോട്ടയം എസ്പിയായിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടുപോയ സംഭവം, എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു തട്ടിപ്പ്, തിരുവല്ല സ്വദേശി രമേശന്‍ നമ്പ്യാരുടെ വസ്തു തട്ടിയെടുത്തത് സംബന്ധിച്ചും ബിനാമി ഇടപാടുകള്‍ സംബന്ധമായും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്, കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ചത്, ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ ബ്ലാക്ക് മാര്‍ക്ക് വീണ വ്യക്തിയാണ് എസ് ശ്രീജിത്ത്. ശ്രീജിത്തിനെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രധാന പോസ്റ്റില്‍ ഇരുത്തിയിരിക്കുന്നത്.

ജേക്കബ് ജോബ്
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജേക്കബ് ജോബ് സസ്‌പെന്‍ഷനിലായിരുന്നു.പിന്നീട് തെളിവൊന്നും കണ്ടെത്തിയില്ല എന്ന പേരില്‍ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തസ്തികയിലുള്ളപ്പോഴാണ്
ജേക്കബിനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ വനിത സെല്‍ സംസ്ഥാന മേധാവിയുടെ കസേരയാണ് ജേക്കബ് ജോബിന് വേണ്ടി ഒരുക്കിയിരുന്നത്.

വേദി പങ്കിട്ടു
മാധ്യമ പ്രവര്‍ത്തകനായ വിബി ഉണ്ണിത്താനെ
വധിക്കാന്‍ശ്രമിച്ച കേസിലെ നാലാം പ്രതിയായ ഡിവൈഎസ്പി അബ്ദുള്‍ റഷീദുമൊത്ത് ഡിവൈഎസ്പിമാരുടെ സംഘടനയുടെ വേദി പങ്കിട്ടതും മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്കേറ്റ വലിയ തിരിച്ചടിയാണ്.

നീതിമാനായ ഓഫീസറുടെ പ്രതിച്ഛായ
ജേക്കബ് തോമസിനെ പോലെ ഏറ്റവും ശക്തനും നീതിമാനുമായ ഒരു ഐപിഎസ് ഓഫീസറെ വിജിലന്‍സ് ഡയറക്ടറാക്കിയത് വഴി സര്‍ക്കാറിനുണ്ടായ പ്രതിച്ഛായയാണ്, അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണ നടപടി നേരിട്ടവരെ സുപ്രധാന തസ്തികകളില്‍ നിയമിച്ചതു മൂലം നഷ്ടമായത്.












Click it and Unblock the Notifications