അഞ്ചേരി ബേബി വധം: മന്ത്രി എം എം മണി പ്രതിയായി തുടരും; വിടുതല്‍ ഹര്‍ജി തള്ളി
അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി രണ്ടാം പ്രതിയായി തുടരും. കോടതി അദ്ദേഹത്തിന്‍റെ വിടുതല്‍ ഹര്‍ജി തള്ളി
തൊടുപുഴ: മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസില്‍ നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ എം എം മണി രണ്ടാം പ്രതിയായി തുടരും. തന്നെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി തള്ളി.
സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അഞ്ചാം പ്രതിയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ കെ ദാമോദരന്‍ ആറാം പ്രതിയുമാവും. പാമ്പുപാറ കുട്ടന്‍, ഒ ജി മദനന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം മണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജിവയ്ക്കില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും മണി തിരിച്ചടിച്ചു.
ഈ കേസിലെ മറ്റു ഒമ്പത് പ്രതികളെയും വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതു കോടതി തള്ളുകയായിരുന്നു. 1982 നവംബര്‍ 13ാം തിയ്യതിയാണ് അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. അന്ന് ഒമ്പതു പേരെ പ്രതികളാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 88ല്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു.
2012ല്‍ മണിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

മേലെ ചെമ്മണ്ണാറിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിസിയുടെ മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്നു അഞ്ചേരി ബേബി. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാംപ്രതി കൂടിയായിരുന്ന ബേബി 1982ലാണ് വധിക്കപ്പെടുന്നത്.

മണത്തോട്ടിലെ ഏലക്കാട്ടില്‍ വച്ചാണ് അഞ്ചേരി
ബേബി വെടിയേറ്റു മരിക്കുന്നത്. അറുപതിലധികം വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചു കയറിയെന്നാണ് റിപോര്‍ട്ട്.

ഒമ്പത് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. പക്ഷെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ വ്യാജമായതിനാലും ഏഴു ദൃക്‌സാക്ഷികളും കൂറുമാറിയതിനാലും 1985ല്‍ കേസ് അവസാനിപ്പിച്ചു.

2012 മെയ് 25നു മണക്കാട്ടുവച്ച് നടത്തിയ വിവാദ പ്രസംഗം മണിയെ കുടുക്കുകയായിരുന്നു. ബേബിയെക്കൂടാതെ മറ്റു പലരെയും തങ്ങള്‍ വക വരുത്തിയിട്ടുണ്ടെന്നായിരുന്നു മണി പ്രസംഗത്തില്‍ പറഞ്ഞത്.

ബേബി വധക്കേസുമായി ബന്ധപ്പെട്ട് മണിയെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മണി 44 ദിവസം പീരുമേട് സബ് ജെയിലില്‍ കഴിയുകയും ചെയ്തു.












Click it and Unblock the Notifications