ജീവന് വേണ്ടി പിടഞ്ഞയാളെ ശ്രദ്ധിക്കാതെ ജനം; ചോരയൊലിപ്പിച്ച്!! കേരളത്തിന്റെ മാനം കാത്ത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണയാളെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം. പാശ്ചാത്യ നാടുകളിലോ, ഉത്തരേന്ത്യയിലോ അല്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് കൊച്ചി നഗരത്തില്‍. ചോരയൊലിപ്പിച്ച് ജീവന് വേണ്ടി പിടഞ്ഞ വ്യക്തിയെ രക്ഷപ്പെടുത്താതെ ആളുകള്‍ കാഴ്ചക്കാരായി നിന്നത് ഏറെ നേരം. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നു പോയെങ്കിലും ജീവന് വേണ്ടി പിടഞ്ഞ വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും ശ്രമിച്ചില്ല. ചിലര്‍ മാത്രം എത്തി നോക്കി. പിന്നീട് ഒഴിഞ്ഞുപോയി. മറ്റു ചിലര്‍ കണ്ട ഭാവം നടിക്കാതെ നടന്നു. ഒടുവില്‍ ഒരു വീട്ടമ്മയുടെ ഇടപെടലാണ് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മലയാളികള്‍ക്ക് ആശ്വാസമായത്. സംഭവം ഇങ്ങനെ...

കൊച്ചി നഗരത്തില്‍
കൊച്ചി നഗരത്തില്‍ തിരക്കേറിയ പത്മ ജങ്ഷനിലാണ് മലയാളിയുടെ മനസാക്ഷിയെ ചോദ്യം ചെയ്ത സംഭവം അരങ്ങേറിയത്. ഞായറാഴ്ച സന്ധ്യയ്ക്കുണ്ടായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കരുണയുള്ളവരെ കണ്ണീരൊലിപ്പിച്ചത്.

തൃശൂര്‍ സ്വദേശി സജി
തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സജിയാണ് ബഹുനില ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണത്. തല കറങ്ങി വീണതാണെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് പതിച്ചത്.

സ്‌കൂട്ടറിന് മുകളില്‍
ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടിയാണ് സജി ഫുട്പാത്തില്‍ വീണത്. ഈ സമയം നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. പലരും നടന്നു പോകുന്നുണ്ടായിരുന്നു. പക്ഷേ, ആരും സജിയെ ശ്രദ്ധിച്ചതേയില്ല.

ചോരയൊലിപ്പിച്ച്
ചോരയൊലിപ്പിച്ച് കിടന്ന വ്യക്തിയെ ആശുപത്രിയിലെത്തിക്കാനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ചിലര്‍ എത്തി നോക്കിയ ശേഷം സ്ഥലം വിട്ടു. മറ്റു ചില വിട്ടുനിന്ന് നോക്കുന്നുണ്ടായിരുന്നു. ആരും ഇടപെട്ടില്ല.

വീട്ടമ്മയുടെ ഇടപെടല്‍
ഈ സമയമാണ് ഒരു വീട്ടമ്മ ചോരയൊലിപ്പിച്ച് കിടക്കുന്നയാളെ കാണുന്നത്. അവര്‍ വീണുകിടക്കുന്നയാളെ അടുത്തു വന്നു നോക്കി. തുടര്‍ന്ന് സമീപം നില്‍ക്കുന്നവരോട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ഓട്ടോയില്‍ കയറ്റി, ഇറക്കി
വീട്ടമ്മ പറയുന്നത് ആരും ഗൗനിച്ചില്ല. പിന്നീട് അവര്‍ രോഷത്തോട് സംസാരിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് നിര്‍ത്തി വീണു കിടന്നയാളെ കുറച്ചുപേര്‍ ചേര്‍ന്ന് അതില്‍ കയറ്റിയെങ്കിലും പിന്നീട് ഇറക്കി.

നിര്‍ബന്ധപ്പൂര്‍വം
എന്താണ് തിരിച്ചിറക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. തുടര്‍ന്ന് വീട്ടമ്മ ഒരു കാറിന് കൈകാണിച്ച് നിര്‍ത്തി. നിര്‍ബന്ധപ്പൂര്‍വം ആ കാറില്‍ കയറ്റുകയായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ പലരും നടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍
പരിക്കേറ്റ സജിയെ ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികില്‍സ അവിടെ വച്ച് നല്‍കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങളില്‍ ഇടപെട്ടാല്‍ പൊല്ലാപ്പാകുമെന്ന തോന്നലാണ് പലരും വിട്ടു നില്‍ക്കാന്‍ കാരണം.

രൂക്ഷ വിമര്‍ശനവുമായി ജയസൂര്യ
അതേസമയം, ജനക്കൂട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ രംഗത്തെത്തി. കേസെടുക്കുമെന്ന് പേടിച്ച് യുവാക്കള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍മാറി നില്‍ക്കരുതന്നും തൊട്ടുമുന്നില്‍ കാണുന്നവനെ സ്‌നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

പുരുഷ സമൂഹം തലകുനിക്കണം
അപകടം കണ്ടുനിന്ന ആളുകളുടെ അച്ഛനോ അമ്മയ്‌ക്കോ ആണെങ്കിലോ ഇങ്ങനെ ഒരു അനുഭവം. അപ്പോള്‍ അവര്‍ പ്രതികരിക്കില്ലേ. ചോരയൊലിപ്പിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്ത യുവതിയുടെ മുന്നില്‍ പുരുഷ സമൂഹം തലകുനിക്കണമെന്നും ജയസൂര്യ പറഞ്ഞു.












Click it and Unblock the Notifications