മോഹന്‍ലാല്‍ രാത്രി തന്നെ മമ്മൂട്ടിയെ വിളിച്ചു: അദ്ദേഹം പറഞ്ഞത് ഇങ്ങനെ.. യോഗത്തില്‍ വികാരാധീനനായി
കൊച്ചി: സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന താരസംഘടനയായ അമ്മയില്‍ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം നിലവിലെ ഭരണസമിതിയിലെ എല്ലാവരും രാജിവെക്കുമെന്ന കാര്യം പലരും ആലോചിച്ചിരുന്ന് പോലുമില്ല. അങ്ങനെ ഒരു ആവശ്യവും അംഗങ്ങളില്‍ നിന്നും ഉയർന്നിരുന്നില്ല.
നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ലൈംഗിക പീഡന ആരോപണ പരാതിയെ തുടർന്ന് ജനറല്‍ സെക്രട്ടറി സിദ്ധീഖ് നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്ക് പകരം കൊണ്ടുവരാന്‍ ആലോചിച്ചിരുന്ന ബാബു രാജിനെതിരേയും ആരോപണം ഉയർന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ സംഘടനയ്ക്കുള്ളില്‍ നിന്ന് ഇവരോട് വിശദീകരണം തേടണമെന്നെ ആവശ്യം ശക്തമായിരുന്നു. ബാബു രാജി പദവി ഒഴിയണമെന്ന നിലപാടും ചില അംഗങ്ങള്‍ സ്വീകരിച്ചു.

ഇന്ന് ചേർന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് ഭരണ സമിതി ഒന്നാകെ രാജിവെക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചതെങ്കിലും ഇത് സംബന്ധിച്ച തീരുമാനം ഇന്നലെ തന്നെ ഉയർന്ന് വന്നിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. കാര്യങ്ങള്‍ മോഹന്‍ലാല്‍ മമ്മൂട്ടിയേയും വിളിച്ച് ധരിപ്പിച്ചു. രാജിയാണെങ്കില്‍ എല്ലാവരും ഒന്നിച്ചെന്ന നിർദേശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സൂചന.
രാജി തീരുമാനം രാവിലെ തന്നെ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ വികാരാധീനനായിട്ടായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചത്. തീരുമാനം എടുക്കുന്നതിന് മുമ്പ് ആദ്യം താൻ മമ്മൂട്ടിയോടെ സംസാരിച്ചു. ഇതാണ് നല്ലത് എന്നും മമ്മൂട്ടി പറഞ്ഞെന്നും മോഹൻലാല്‍ യോഗത്തിന് മുമ്പാകെ വ്യക്തമാക്കി.
സംഘടനയുടെ നിലപാടിനെതിരെ ആദ്യം തുറന്നടിച്ച് രംഗത്ത് വന്നത് ജഗദീഷായിരുന്നു. അദ്ദേഹത്തിന് സമാനമായ നിലപാട് യുവ താരങ്ങളും വനിതാ അംഗങ്ങളും സ്വീകരിച്ചതും പ്രതിസന്ധിയുണ്ടാക്കി. ഇതോടെയാണ് ഒന്നടങ്കം രാജിവെക്കുകയെന്ന നിലപാടിലേക്ക് സംഘടന എത്തിയത്. ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വൈകരുതെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കമെന്നാണ് മോഹന്‍ലാല്‍ പ്രസ് റിലീസിലൂടെ അറിയിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
"ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ- ദൃശ്യ - അച്ചടി മാധ്യമങ്ങളിൽ 'അമ്മ' സംഘടനയിലെ ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.












Click it and Unblock the Notifications