അമ്മയുടെ തലപ്പത്തേക്ക് ഇനി മോഹൻലാൽ ഇല്ല; പകരമെത്തുക ജഗദീഷോ? ശ്വേത മേനോനും രവീന്ദ്രനും മത്സരിക്കും!
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹൻലാൽ തുടരില്ലെന്ന് റിപ്പോർട്ട്. ഇതിന് പിന്നാലെ അമ്മയില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതുവരെയും നാമനിർദ്ദേശ പത്രിക സമ്മർപ്പിച്ചവരിൽ മോഹൻലാലിന്റെ പേരില്ല എന്നതാണ് ഇതിന്റെ കാരണം.
ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ഇതിൽ തന്നെ ജഗദീഷ് പലരുടെയും പിന്തുണ തേടിയതായാണ് വിവരം. വിജയരാഘവനും കുഞ്ചാക്കോ ബോബനും സംഘടനയുടെ തലപ്പത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ അക്കാര്യം പറഞ്ഞു കേൾക്കുന്നില്ല.

ഇവർ ഇല്ലെങ്കിൽ സ്ഥാനത്തേക്ക് മത്സരിക്കാനാവും ജഗദീഷ് ഒരുങ്ങുന്നത്. അംഗങ്ങളിൽ പലരുടെയും പിന്തുണ ജഗദീഷിന് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജഗദീഷിന് രവീന്ദ്രൻ, ശ്വേത മേനോൻ എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരുമെന്ന സൂചനയുണ്ട്. ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായാണ് വിവരം.
ആരോപണ വിധേയർ മത്സര രംഗത്ത് നിന്ന് മാറി നിൽക്കണം എന്ന നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചയാളാണ് രവീന്ദ്രൻ. അതിനാൽ തന്നെ അദ്ദേഹം മത്സരിക്കുമെന്ന കാര്യവും ഏറെക്കുറെ തീർച്ചയായിരുന്നു. അതിനിടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുമെന്നാണ് മറ്റൊരു വിവരം. ഇതിന് എതിരായി ജോയ് മാത്യുവും മത്സരിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇക്കൂട്ടത്തിൽ കൂടുതൽ ആരോപണം നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു ബാബുരാജ്. ഈ സാഹചര്യത്തിൽ ബാബുരാജ് തൽസ്ഥാനത്ത് തുടരുന്നതിലും മത്സരിക്കുന്നതിലും ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലം തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
അതിനിടെ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ്. നൂറിലധികം അംഗങ്ങളാണ് ഇതിനുള്ള അപേക്ഷയും വാങ്ങി പോയിരുന്നത്. എന്നാൽ അതിൽ എത്ര പേർ മത്സരത്തിന് തയ്യാറാവും എന്ന കാര്യത്തിൽ ഇന്നത്തെ ദിവസം കഴിയുന്നതോടെ മാത്രമേ തീരുമാനമാവൂ. ഇതിന് ശേഷമാവും മറ്റ് നടപടി ക്രമങ്ങൾ ആരംഭിക്കുക.
ഓഗസ്‌റ്റ് പതിനഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒക്കെ വലിയ വിവാദമായതോടെയാണ് മുൻ കമ്മിറ്റി കാലാവധി തികയ്ക്കുന്നതിന് മുൻപ് രാജിവച്ചത്. മോഹൻലാൽ ആയിരുന്നു അധ്യക്ഷൻ. അതിനിടെ ഉണ്ടായ ചില വിവാദങ്ങൾ കണക്കിലെടുത്ത് സ്ഥാനത്ത് തുടരേണ്ടന്നാണ് മോഹൻലാൽ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
ജൂലൈ 31നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. എന്നാൽ പ്രമുഖ താരങ്ങൾ ഒന്നുമില്ലാതെ അമ്മയുടെ നടത്തിപ്പ് തന്നെ ചോദ്യ ചിഹ്നമാവുകയാണ് എന്ന അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റായി മോഹൻലാൽ ഉണ്ടായിരുന്നു. മുൻ വർഷങ്ങളിലും ഏതെങ്കിലും ഭാരവാഹിത്വത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ഉണ്ടായിരുന്നു.
ഇക്കുറി പക്ഷേ ഇരുവരും ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. പിന്നെയുള്ള സുരേഷ് ഗോപിയാണ്. ആദ്യഘട്ടത്തിൽ അദ്ദേഹം താൽപര്യം കാണിച്ചെങ്കിലും പിന്നീട് പിൻവലിയുകയായിരുന്നു. ഇതോടെ കമ്മിറ്റിയിൽ പ്രമുഖരുടെ അഭാവം നിഴലിക്കുകയാണ്. മത്സരിക്കുമെന്ന് കരുതിയിരുന്ന കുഞ്ചാക്കോ ബോബനും വിജയരാഘവനും ഇതുവരെ പത്രിക സമർപ്പിക്കാത്തതും പ്രതീക്ഷകൾ തെറ്റിക്കുന്നുണ്ട്.
അമ്മയുടെ തലപ്പത്തേക്ക് യുവതാരങ്ങൾ വരണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ശക്തമായിരുന്നു. എന്നാൽ ഇതുവരെയും ഇത്തരത്തിൽ ശക്തരായ യുവതാരങ്ങൾ സംഘടനയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എത്തിയിട്ടില്ല. എന്തായാലും ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുൻപ് ഏതെങ്കിലും പ്രമുഖർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications