പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; കൈയടിച്ച് ഷാരൂഖ്; അഭിമാനമായി ഉര്‍വശിയും വിജയരാഘവനും
ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍ത്തിരിക്കാനുള്ള അഭിമാന നിമിഷങ്ങളായി. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
മോഹന്‍ലാലിനെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേകം അഭിനന്ദിച്ചത് കേരളത്തിന് അഭിമാന മുഹൂര്‍ത്തമായി മാറി. ഇന്ന് വലിയ കൈയടി കൊടുക്കേണ്ടത് മോഹന്‍ലാലിനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സദസ് എഴുന്നേറ്റു നിന്നാണ് ആദരിച്ചത്.
പുരസ്‌കാരം നല്‍കിയ ശേഷം മോഹന്‍ലാലിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളും പുരസ്‌കാര നേട്ടങ്ങളും കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ പ്രസംഗിച്ചു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

മലയാളികളില്‍ ആദ്യം അവാര്‍ഡ് ഏറ്റുവാങ്ങിയത് നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എംകെ രാംദാസാണ്. രാംദാസ് സംവിധാനം ചെയ്ത നെകല്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പൂക്കാലത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ വിജയരാഘവനും ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെ നടിയായ ഉര്‍വശിയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മികച്ച എഡിറ്റര്‍ പുരസ്‌കാരം ലഭിച്ച പൂക്കാലം സിനിമയുടെ എഡിറ്റര്‍ മിഥുന്‍ മുരളിയും അവാര്‍ഡ് ഏറ്റുവാങ്ങി.
ഷാരുഖ് ഖാന് തൊട്ടടുത്തായി മോഹന്‍ലാലും സുചിത്രയും
മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ ഷാരുഖ് ഖാന് തൊട്ടടുത്തായാണ് മോഹന്‍ലാലും സുചിത്രയും ഇരുന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ റാണി മുഖര്‍ജിയും ഈ നിരയില്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ ഷാരുഖും സുചിത്രയും റാണിയും കൈയടിച്ച് ആദരിച്ചു.
സുചിത്ര മോഹന്‍ലാല്‍ അടുത്തു വന്നപ്പോള്‍ എഴുന്നേറ്റ് കസേര ഒരുക്കിക്കൊടുത്ത ഷാരുഖ് ഖാന്റെ പെരുമാറ്റവും ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലെ മനോഹരമായ കാഴ്ച്ചയായി. സുചിത്ര മോഹന്‍ലാലിന് ഇരിപ്പിടം ഒരുക്കിക്കൊടുത്ത് അവര്‍ ഇരുന്നതിന് ശേഷമാണ് ഷാരുഖ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. പിന്നിലായി മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഉര്‍വശി, വിജയരാഘവന്‍ ഉള്‍പ്പെടെ മലയാളികളാല്‍ സമ്പന്നമായിരുന്നു ഇക്കുറി ദേശീയ ചലച്ചിത്ര പുരസ്‌കാര വേദി.
അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.












Click it and Unblock the Notifications