ഒരാഴ്ച വൈകി കാലവർഷം കേരളാ തീരത്ത് എത്തി; 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 3 ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പതിവിലും ഒരാഴ്ച വൈകിയാണ് ഇക്കുറി കേരളത്തിൽ കാലവർഷം എത്തിയത്. ഇതോടെ നാല് മാസം നീണ്ടു നിൽക്കുന്ന മഴ സീസണ് തുടക്കമായി.
കേരളത്തിൽ കാലവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

65 വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇക്കുറി ലഭിച്ചതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന കേന്ദ്രമായ സ്കൈമാറ്റ് പറയുന്നു. സാധാരണയായി 131.5 എംഎം മഴ ലഭിക്കേണ്ടിയിടത്ത് ഇക്കുറി ലഭിച്ചത് 99 എംഎം മഴ മാത്രമാണ്. വേനൽ മഴയിലുണ്ടായ കുറവ് രാജ്യത്തെ കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വേനൽ മഴയിൽ 25 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്.
സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9,10,11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേസം പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ജൂൺ 10നും, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ജൂൺ 11നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുകയാണ്. ദില്ലിയിൽ ചൂട് 45 ഡിഗ്രിയിലെത്തി. ജൂൺ അവസാനത്തോടെ മാത്രമെ ഇവിടെ കാലവർഷം എത്തുകയുള്ളു.












Click it and Unblock the Notifications