പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചാല്‍ എന്തു സംഭവിക്കും? 4 കാര്യങ്ങള്‍ എണ്ണി പികെ നവാസ്
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഭാഗമാകുന്നതിനെ വിമര്‍ശിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ നയം കേരളം സമ്പൂര്‍ണമായി നടപ്പാക്കാന്‍ പോകുകയാണെന്നും ആര്‍എസ്എസിന് കാവി പരവതാനി വിരിക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും നവാസ് ആരോപിച്ചു.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പിഎം ശ്രീ പദ്ധതിയില്‍ ഭാഗമല്ലാത്തത്. പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക എന്ന് നവാസ് ഫേസ്ബുക്കില്‍ കുറിപ്പില്‍ വിശദീകരിക്കുന്നു. മന്ത്രി വി ശിവന്‍കുട്ടി ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു. സിപിഐയുടെ എതിര്‍പ്പ് കൂടി അവഗണിച്ചാണ് കേരളം പിഎം ശ്രീയില്‍ ഭാഗമാകുന്നത്.

പികെ നവാസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ആർ.എസ്.എസിന്റെ ദേശീയവിദ്യാഭ്യാസ നയം കേരളം സമ്പൂർണമായി നടപ്പിലാക്കുകയാണ്, എന്ന് വെച്ചാൽ rss ന് കാവി പരവതാനി വിരിക്കുകയാണ് ഈ കമ്യൂണിസ്റ്റ് സർക്കാർ.
കേരളത്തെ വഞ്ചിച്ചുകൊണ്ട് ബിജെപിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംസ്ഥാനത്തെ സംഘപരിവാർ വത്കരിക്കാൻ പരവതാനി വിരിക്കുകയാണ്.
പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടാൽ
1. ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണ്ണമായി നടപ്പിലാക്കണം.
2. കേന്ദ്രം ഒരു വിദ്യാലയത്തിന് നൽകുന്ന 60% ഫണ്ട് സ്വീകരിച്ചാൽ ആ സ്കൂളിന്റെ പേര് പി.എം ശ്രീ എന്നെഴുതി മോഡിയുടെ ചിത്രം പതിപ്പിക്കണം. 40% ഫണ്ട് ചിലവഴിച്ച് സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന സംസ്ഥാന സർക്കാരുകൾക്ക് ഈ തീരൂമാനം തിരുത്താനാകില്ല.
3. വിദ്യാഭ്യസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ വരുന്നതാണ്. എന്നാൽ സംസ്ഥാനങ്ങളുടെ ഈ അവകാശം പൂർണ്ണമായും റദ്ദുചെയ്യുന്നതാണ്. സർവ്വാധികാരങ്ങളും യൂണിയൻ സർക്കാരിൽ കേന്ദ്രീകരിക്കുന്നതാണ്. കേരളത്തിന് നൽകേണ്ട ssa ഫണ്ട് പിടിച്ചുവച്ചിരിക്കുന്നത് ഇതുകൊണ്ടാണ്.
4. RSS ന്റെ വിദ്യാഭ്യസ നയത്തിലെ ഭാഷ നയം കേരളത്തിൽ നടപ്പിലാക്കിയാൽ നമ്മുടെ പ്രാദേശിക ഭാഷകൾക്കും അറബി, ഉർദു ഭാഷ പഠനങ്ങൾക്കും അന്ത്യം കുറിക്കും.
സിലബസുകളിലെ കടന്നുകയറ്റങ്ങൾ ഇനിയുമുണ്ട്. എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നത്തെ പത്രസമ്മേളനത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന വാക്കുകളാണ് പറഞ്ഞിരിക്കുന്നത്. മുകളിൽ പറഞ്ഞ നാല് കാര്യങ്ങളും പ്രതിപാദിക്കുന്ന പ്രീ കണ്ടീഷനുള്ള MoU ഒപ്പിട്ടാൽ മാത്രമേ കേരളത്തെ "പി.എം ശ്രീ" പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപെടുത്തുകയുള്ളൂ.
നിലവിൽ കേരളം കൂടാതെ തമിഴ്നാടും പശ്ചിമ ബംഗാളും ഈ പദ്ധതിയിൽ ചേർന്നിട്ടില്ല.
രാജ്യത്തിന്റെ ഫെഡറലിസം തകർക്കുന്ന ദേശീയ വിദ്യാഭ്യസ നയത്തിനെതിരെയും പി.എം ശ്രീക്കെതിരെയും അവർ ജനാധിപത്യ സംരക്ഷണ പോരാട്ടം നടത്തുമ്പോൾ. പിണറായി വിജയൻ ഡൽഹിയിൽ പോയി ബിജെപി ഡീൽ ഉണ്ടാക്കി കേരളത്തെ ആർ.എസ്.എസിന്റെ കാൽ ചുവട്ടിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്.
ഈ ഒറ്റുകാരെ കേരള ജനത തിരിച്ചറിയണം.
_പികെ നവാസ്_












Click it and Unblock the Notifications