ഇനി എംടിയില്ലാ കാലം: എഴുത്തിന്റെ പെരുന്തച്ചന്‍ ഇനി ദീപ്തമായ ഓർമ്മ
കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ പെരുന്തച്ചന്‍ എം ടി ഇനി ദീപ്തമായ ഓർമ്മ. വിഖ്യാത സാഹിത്യകാരന്റെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിലെ സംസ്കാരം. എം ടിയുടെ സഹോദരപുത്രൻ ടി സതീശന്‍ അന്ത്യകർമ്മങ്ങള്‍ നിർവ്വഹിച്ചു. പൊതുദർശനവും വിലാപയാത്രയിലെ ആൾക്കൂട്ടവും എം ടി ആഗ്രഹിച്ചിരുന്നില്ലെങ്കിലും അക്ഷരങ്ങളിലൂടെ തങ്ങളെ ത്രസിപ്പിച്ച പ്രിയ എഴുത്തുകാരന് അന്തിമോപചാരം അർപ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ എ റഹീം എം പി, എം എല്‍ എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, ടി സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയ പ്രമുഖർ ശ്മശാനത്തിലെ ചടങ്ങില്‍ പങ്കെടുത്തു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംടി വാസുദേവന്‍ നായർ ബുധാനാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്തരിക്കുന്നത്. മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും ഉള്‍പ്പെടേയുള്ളവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. രാത്രിയോടെ തന്നെ മൃതദേഹം കൊട്ടാരം റോഡിലെ 'സിതാര' എന്ന വീട്ടിലേക്ക് മാറ്റി.
പൊതുദർശനം പാടില്ലെന്ന് എം ടി നിർദേശിച്ചിരുന്നതിനാല്‍ വീട്ടില്‍ എത്തുന്നവർക്ക് മാത്രം അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനുള്ള സജ്ജീകരണം ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ , നിരവധി മന്ത്രിമാർ, സിനിമ പ്രവർത്തകർ, എംഎല്‍എമാർ, എംപിമാർ, സാഹിത്യകാരന്മാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവർ പ്രിയ സാഹിത്യകാരന് യാത്രാമൊഴി നേർന്നു.
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും പാലക്കാട്ടെ കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും നാലുമക്കളില്‍ ഇളയവനായി 1933 ജുലൈയലാണ് എം ടി വാസുദേവന്‍ നായർ ജനിക്കുന്നത്. സ്കൂൾവിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യലോകത്തേക്ക് പിച്ചവെച്ച് കയറിയ വ്യക്തിയാണ് എം ടി. 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കുന്നത് വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്.
മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് എം ടി കോഴിക്കോടേക്ക് എത്തുന്നത്. ജ്ഞാനപീഠം (1995), പത്മഭൂഷണ്‍ (2005), ജെസി ദാനിയേൽ പുരസ്കാരം (2013) എന്നിവയ്ക്ക് പുറമെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളും എം ടിയെ തേടിയെത്തി. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications