മലയാളികളുടെ പ്രിയപ്പെട്ട എംടി; വാക്കുകൾകൊണ്ട് മോഹിപ്പിച്ച എഴുത്തുകാരൻ
അക്ഷരങ്ങളുടെ അതിശയിപ്പിക്കുന്ന ലോകം മലയാളികൾക്ക് മുന്നിൽ തുറന്ന എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ. വാക്കുകൾ കൊണ്ട് സ്വപ്നം കാണാനും അതിൽ ജീവിക്കാനും മലയാളികളെ പഠിച്ചിച്ച പകരംവയ്ക്കാനില്ലാത്ത സാഹിത്യകാരൻ.
1933 ജുലൈ 15 ന് തൃശൂർ പുന്നയൂർക്കുളത്തെ കൂടല്ലൂരിൽ ടി നാരായണൻ നായരുടേയും അമ്മാളു അമ്മയുടേയും മകനായാണ് തെക്കോട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായരുടെ ജനനം. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലും മലമക്കാവ് എലമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട്ടെ പ്രസിസദ്ധമായ വിക്ടോറിയ കോളേജിലായിരുന്നു ബിരുദ പഠനം. രസതത്രം ഐച്ഛികവിഷയമായി പഠിച്ചു. പഠിച്ചിറങ്ങിയപ്പോൾ തന്നെ അധ്യാപകനായി ജോലിയിലും കയറി. ചാവക്കാടും പട്ടാമ്പിയിലുമായിരുന്നു അദ്ദേഹം അധ്യാപകനായി ജോലി ചെയ്തത്. പിന്നീട് മാതൃഭൂമിയിൽ ജോലി ലഭിച്ചതോടെയാണ് അദ്ദേഹം കോഴിക്കോടേക്ക് മാറുന്നത്, മരിക്കും വരെ അദ്ദേഹം കോഴിക്കോട്ടുകാരനായി ജീവിച്ചു.

സ്കൂൾ കാലത്ത് തന്നെ അദ്ദേഹം സാഹിത്യത്തിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചേട്ടന്റെ പാത പിന്തുടർന്നാണ് എംടി വായനയുടേയും എഴുത്തിന്റേയും ലോകത്ത് എത്തിയത്. തന്റെ സീനിയർ ആയി പഠിച്ച കവി അക്കിത്തം നമ്പൂതിരിയും പ്രചോദനമായി. ആദ്യമൊക്കെ കവിതകളോടായിരുന്നു എംടിയ്ക്ക് താത്പര്യം. പിന്നീടാണ് കഥകളിലേക്കും നോവലിലേക്കും തിരിഞ്ഞത്.
സ്കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി മാസികകളിൽ അദ്ദേഹത്തിന്റെ രചനകൾ അച്ചടിച്ചുവന്നു. ബിരുദത്തിന് പഠിക്കുമ്പോഴാണ് ആദ്യ കഥാസമാഹാരമായ 'രക്തം പുരണ്ട മൺതരികൾ' പുറത്തിറക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന 'വളർത്തുമൃഗങ്ങൾ' എന്ന ചെറുകഥയിലൂടെയാണ് മലയാള സാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധനേടുന്നത്. ഇരുട്ടിന്റെ ആത്മാവ് , ഓളവും തീരവും,കുട്ട്യേടത്ത്, വാരിക്കുഴി പതനം,ബന്ധനം,സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം,ദാർ-എസ്-സലാം,രക്തം പുരണ്ട മൺ തരികൾ,വെയിലും നിലാവും,കളിവീട്
വേദനയുടെ പൂക്കൾ,ഷെർലക്ക്,ഓപ്പോൾ 25 ഓളം കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.
പാതിരാവും പകൽവെളിച്ചവുമാണ് എംടിയുടെ ആദ്യനോവൽ. ഖണ്ഡഃശയായി ആയാണ് ഇത് പ്രസിദ്ധീകരിച്ചത്. 1958 ലാണ് പുസ്തകരൂപത്തിലുള്ള ആദ്യനോവലായ 'നാലുകെട്ട്' പ്രസിദ്ധീകരിക്കുന്നത്. ഇതിന് ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കരവും ലഭിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിൽ ഒന്നുകൂടിയായ നാലുകെട്ട് പിന്നീട് 14 ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇന്നും മലയാളത്തിലെ 'ബെസ്റ്റ് സെല്ലർ' പട്ടികയിൽ നാലുകെട്ടിന്റെ സ്ഥാനം മുൻപന്തിയിലാണ്. നാലുകെട്ട് കൂടാതെ സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ എന്നീ കൃതികൾക്കും എംടിക്ക് സാഹത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1970 ൽ 'കാലം'ത്തിലൂടെയാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എംടിയ്ക്ക് ലഭിക്കുന്നത്. 1985 ൽ രണ്ടാമൂഴത്തിലൂടെ വയലാർ അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും നേടി.1995 ലാണ് എംടിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ, മാതൃഭൂമിയുടെ പത്രാധിപർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
.
1965 ൽ സ്വന്തം കഥയായ 'മുറപെണ്ണി'ന് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. കന്യാകുമാരി, വാരിക്കുഴി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, സദയം, അസുരവിത്ത്, ഇടവഴിയിലെ പൂച്ച മിണ്ടപ്പൂച്ച, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, വടക്കൻ വീരഗാഥ, കടവ്, പരിണയം തുടങ്ങി 50 ഓളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. നാല് തവണ അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1990 ഒരു വടക്കൻ വീരഗാഥയിലൂടെയാണ് ആദ്യ പുരസ്കാരം നേടുന്നത്. പിന്നീട് സദയം പരിണയം എന്നീ സിനിമകൾക്കും പുരസ്കാരം ലഭിച്ചു.
നിർമ്മാല്യം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ സംവിധാനത്തിലേക്ക് കടക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ദേശീയ അവാർഡ് നേടാൻ സിനിമക്ക് സാധിച്ചു. ബന്ധനം, കടവ് തുടങ്ങിയ സിനിമകൾക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2013 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം ലഭിക്കുന്നത്.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള എംടി മലയാളികളുടെ അഭിമാനവും മലയാളത്തിന്‍റെ അടയാളപ്പെടുത്തലുമാണ് .കാലമെത്ര കഴിഞ്ഞാലും സ്വന്തം സൃഷ്ടികളിലടെ അദ്ദേഹം എന്നും അനശ്വരനായിരിക്കും.












Click it and Unblock the Notifications