മുനമ്പം: കോണ്‍ഗ്രസ് കബളിപ്പിക്കുന്നുവെന്ന് ബിജെപി; സതീശനെ ഖാസിയാക്കിയിട്ടില്ലെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പിയും എസ്‍ ഡി പി ഐയും. പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റിൽ എതിർക്കുന്നവരാണ് വിഡി സതീശൻ്റെ പാർട്ടിക്കാർ. കോൺഗ്രസിൻ്റെ നിലപാട് പ്രതിലോമകരവും നിരാശജനകവുമാണെന്ന മുനമ്പം സമരസമിതിയുടെ നിലപാട് വിഡി സതീശൻ്റെ മുഖത്തേറ്റ പ്രഹരമാണ്. കോൺഗ്രസിൽ ഞങ്ങൾക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാർ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കൽ നാടകം പൊളിഞ്ഞിരിക്കുകയാണ്.

സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഇവരിൽ നിന്നും മുനമ്പം നിവാസികൾക്ക് നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് - വലത് മുന്നണികൾക്ക് എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോൺഗ്രസും സിപിഐഎമ്മും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ വിധി പറയാന്‍ വിഡി സതീശനെ മുസ്‌ലിം സമുദായം ഖാസിയാക്കിയിട്ടില്ലെന്നായരുന്നു എസ് ഡി പി ഐ പ്രതികരണം. ഭൂമി വഖ്ഫ് അല്ലെന്ന് സ്ഥാപിക്കാന്‍ സതീശന്‍ ഉയര്‍ത്തിയ മൂന്ന് വാദവും നിരര്‍ത്ഥകമാണ്. തന്റെ സ്വത്ത് വഖ്ഫ് ചെയ്യുന്നു എന്ന് വ്യക്തമാക്കി സിദ്ധീഖ് സേട്ട് നല്‍കിയതിന്റെ രേഖ നിലനില്‍ക്കേ അതിലെ സാങ്കേതികത ചൂണ്ടിക്കാണിച്ചു കൊണ്ട് വഖ്ഫ് അല്ലെന്ന് പറയുന്നത് നുണയാണെന്നും എസ് ഡി പി ഐ അവകാശപ്പെടുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറയുന്നത്. മുനമ്പത്തേത് വഖഫ് ഭൂമയില്ല. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ മുഴുവന്‍ ഒറ്റ തീരുമാനത്തിലാണ്. മുസ്ലീം സംഘടനകളെല്ലാം അവര്‍ക്ക് പിന്തുണ കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications