ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല; നേതാക്കളെ കുറ്റപ്പെടുത്തരുത്, പ്രതികരണവുമായി മുനവ്വറലി തങ്ങള്‍
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ആകെ 41 സീറ്റ് മാത്രം ലഭിച്ച മുന്നണിയുടെ ഒട്ടേറെ പ്രമുഖര്‍ തോല്‍വിയറിഞ്ഞു. മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും ഇത് വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍.. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

തെരഞ്ഞെടുപ്പിലെ തോല്‍വിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയില്‍ പാഠങ്ങളുണ്ട്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് മുസ്ലിംലീഗിന്റെ ചരിത്രം. വലിയ പരാജയത്തില്‍നിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് പാര്‍ട്ടി ഉയര്‍ന്നുവന്ന കാലമുണ്ടായിട്ടുണ്ട്. തെറ്റുകള്‍ തിരുത്തിയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയും പാര്‍ട്ടി മുന്നേറുക തന്നെ ചെയ്യും.
പാര്‍ട്ടി സംവിധാനങ്ങളും പ്രവര്‍ത്തകരും മികച്ച രീതിയില്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയില്‍ വെച്ച് അവരെ വേട്ടയാടുന്നതും ശരിയായ രീതിയല്ല. പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കള്‍ നിര്‍വ്വഹിക്കുക തന്നെ ചെയ്യും.
ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല.
അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുത്.
സാമൂഹിക ശാക്തീകരണവും സേവന പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം ശക്തമായി മുസ്ലിംലീഗ് തുടരും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തിനു പിന്നില്‍ അടിയുറച്ച് നമുക്ക് ഒന്നിച്ചു നീങ്ങാം.
നാഥന്‍ അനുഗ്രഹിക്കട്ടെ.












Click it and Unblock the Notifications