മുരുകന്റെ മരണം; ഗുരുതര വീഴ്ച പറ്റി...വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു, അന്വേഷണ റിപ്പോർട്ട് !!!
തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരണമടഞ്ഞതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. 15 വെന്ററിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും ഒരെണ്ണം പോലും മുരുകന് നല്‍കാന്‍ തയ്യാറായില്ലെന്ന് സൂപ്രണ്ടും പ്രിൻസിപ്പലും പോലീസിന് റിപ്പോർട്ട് നൽകി.
നേരത്തെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മുരുകന് ചികിത്സ നിഷേധിച്ചത്. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പ്രവർത്തന സജ്ജമായ 15 വെന്റിലേറ്ററുകളും പ്രവർത്തന ക്ഷമമല്ലാത്ത 19 വെന്റിലേറ്ററുകളും ഉണ്ടായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നത്.

തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചിരുന്നതായിരുന്നു ഇവ. അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാൻ അഞ്ച് വെന്റിലേറ്ററുകളും ഉണ്ടായിരുന്നു. എന്നാൽ ഇവയൊന്നും മുരുകനെ പ്രവേശിച്ച സമയത്ത് ഒഴിവില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. മുരുകന്റെ മരണത്തില്‍ നിയമസഭയിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications