കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിയെ ഒതുക്കി, ഇനി മുനീറിനെ; കുഞ്ഞാലിക്കുട്ടി തന്ത്രം മാറ്റുന്നു, വേങ്ങരയില്‍ കെപിഎ മജീദ്

ഒരേ സമയം കേരളത്തിലും ദേശീയ തലത്തിലും പാര്‍ട്ടിയുടെ മുഖം ഇനി കുഞ്ഞാലിക്കുട്ടിയാവും. അതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ സ്ഥാനത്തു നിന്ന് ഒരുപടി കൂടി കടന്ന് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ പികെ കുഞ്ഞാലിക്കുട്ടി പയറ്റുന്നത് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രം. ഒരേ സമയം കേരളത്തിലും ദേശീയ തലത്തിലും പാര്‍ട്ടിയുടെ മുഖം ഇനി കുഞ്ഞാലിക്കുട്ടിയാവും. അതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

ഇ അഹമ്മദിന്‍െ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന് 95 ശതമാനവും ഉറപ്പായികഴിഞ്ഞു. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് കുഞ്ഞാലിക്കുട്ടി സ്വയം പിന്‍മാറിയാല്‍ മാത്രമേ ഇനി സാധ്യതയുള്ളൂ. അതുണ്ടാവില്ലെന്നാണ് അദ്ദേഹം തന്നെ നല്‍കുന്ന സൂചനകള്‍.

പട്ടിക വെട്ടിത്തിരുത്തി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് പുറമെ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള നിരവധി പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. പാണക്കാട് മുനവ്വറലി തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുസമദ് സമദാനി, ഇ അഹമ്മദിന്റെ മക്കളിലാരെങ്കിലും ഇങ്ങനെ പോവുന്നു പരിഗണനയിലുണ്ടായിരുന്ന പട്ടിക. ഇതെല്ലാം ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്.

പാര്‍ട്ടി എന്നാല്‍ കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി മല്‍സരിക്കാന്‍ സന്നദ്ധമാണെന്ന് പറഞ്ഞാല്‍ ഇവര്‍ക്കാര്‍ക്കും സാധ്യതയില്ല. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം ചില സൂചനകള്‍ നല്‍കുകയും ചെയ്തു. പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ദേശീയ രാഷ്ട്രീയത്തിലേക്ക്

അദ്ദേഹത്തിന് തടസമില്ലെന്നാണ് ഈ വാക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. കേരളത്തിലെ മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി ഒരു നിലപാട് സ്വീകരിച്ചാല്‍ മറിച്ച് അഭിപ്രായം പറയാന്‍ ആരും തയ്യാറാവില്ലെന്ന കാര്യം വ്യക്തമാണ്. മലപ്പുറം മണ്ഡലത്തില്‍ മല്‍സരിക്കുകയും ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുകയും ചെയ്യുന്നതിന്റെ ആദ്യ പടിയാണ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം. കോണ്‍ഗ്രസ് നേതാക്കളുമായും മറ്റു പാര്‍ട്ടികളുമായും കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധവും അദ്ദേഹത്തിന് വഴി എളുപ്പമാക്കി.

ഇടിയാണ് ഒതുങ്ങിയത്

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചതോടെ ഈ സ്ഥാനത്തിന് സാധ്യത കല്‍പ്പിച്ചിരുന്ന ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ സാധ്യതയാണ് ഇല്ലാതായത്. പല കാര്യങ്ങളിലും വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന ഇടിയെ ഒതുക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് അതുവഴി സാധിച്ചു. മാത്രമല്ല, പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാതിരിക്കാന്‍ ഒരു പദവിയുണ്ടാക്കി ഇടിയെ അവരോധിക്കുകയും ചെയ്തു.

എല്ലാവരും മുന്നോട്ട് കയറിയപ്പോള്‍...

ഖാദര്‍ മൊയ്തീന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു ദേശീയ പ്രസിഡന്റായി. കുഞ്ഞാലിക്കുട്ടിയാവട്ടെ ട്രഷറര്‍ സ്ഥാനത്തു നിന്ന് ജനറല്‍ സെക്രട്ടറിയുമായി. പക്ഷേ ഇടിക്ക് കാര്യമായ സ്ഥാനം ലഭിക്കുകയും ചെയ്തില്ല. ഇതുവരെയില്ലാത്ത ഓര്‍ഗനൈസിങ് സെക്രട്ടറി എന്ന പദവിയുണ്ടാക്കി ആ സ്ഥാനം ഇടിക്ക് നല്‍കുകയാണ് ചെയ്തത്.

ഓര്‍ഗനൈസിങ് സെക്രട്ടറിയുടെ ചുമതല എന്ത്?

നിലവിലെ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലായി. ഇടിയേക്കാള്‍ മുകളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ സ്ഥാനം. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ മുഖം കുഞ്ഞാലിക്കുട്ടിയായി മാറി. ഓര്‍ഗനൈസിങ് സെക്രട്ടറിയുടെ ചുമതല എന്താണെന്ന് പോലും നിലവില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല.

പ്രതിപക്ഷ ഉപനേതാവ്

ഇനി കേരളത്തിലും കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലാക്കാനാണ് നീക്കം നടക്കുന്നത്. നിലവില്‍ പ്രതിപക്ഷ ഉപനേതാവാണ് നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി. അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് മലപ്പുറം ലോക്‌സഭയില്‍ മല്‍സരിച്ചാല്‍ ആ പദവി സ്വാഭാവികമായും ഇല്ലാതാവും.

മുനീറിനെ തടയാന്‍ കെപിഎ മജീദ്

കുഞ്ഞാലിക്കുട്ടി അല്ലെങ്കില്‍ സഭയിലെ പാര്‍ട്ടി പ്രമുഖനായി തിരഞ്ഞെടുക്കുക എംകെ മുനീറിനെ ആയിരിക്കും. ഇത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന്റെ കൈകളിലേക്ക് കാര്യങ്ങള്‍ എത്താനിടയുണ്ടെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗം ആലോചിക്കുന്നത്.

കെപിഎ വേങ്ങരയില്‍ മല്‍സരിക്കും?

കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭയില്‍ മല്‍സരിച്ചാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ മല്‍സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കെപിഎ മജീദിന് പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കും.

മജീദ് വന്നാലും കുഞ്ഞാലിക്കുട്ടി തന്നെ

മുതിര്‍ന്ന നേതാവ് കെപിഎ മജീദ്, താനൂരില്‍ പരാജയപ്പെട്ട അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരുടെ പേരുകളാണ് വേങ്ങരയില്‍ പരിഗണിക്കുന്നത്. എന്നാല്‍ രണ്ടത്താണിയോ കെഎന്‍എ ഖാദറോ മല്‍സരിച്ചാലും പ്രതിപക്ഷ ഉപനേതാവ് പദവി മുനീറിന് ലഭിക്കും. അതൊഴിവാക്കാനാണ് കെപിഎ മജീദിനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാവും

മജീദ് വേങ്ങരയില്‍ മല്‍സരിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ സ്വാഭാവികമായും അദ്ദേഹത്തിനാവും മുനീറിനേക്കാള്‍ പരിഗണന ലഭിക്കുക. ദേശീയ നേതാക്കളെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാവും.

English summary
IUML is planning to field the PK Kunchalikutty from Malappuram LS seat. In Vengara contestent to be KPA Majeed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X